മുഖ്യമന്ത്രി ചർച്ച വീണ്ടും സജീവമാക്കി ശിവകുമാർ പക്ഷം

Wednesday 21 January 2026 12:50 AM IST

ന്യൂഡൽഹി: ചെറിയ ഇടവേളയ്‌ക്കു ശേഷം കർണാടക മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം സജീവമാക്കി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പക്ഷം. ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് രാഹുൽ ഗാന്ധി ശിവകുമാറിന് ഉറപ്പ് നൽകിയതായി സഹോദരനും മുൻ എംപിയുമായ ഡി.കെ. സുരേഷ് പറഞ്ഞു.

പ്രതിബദ്ധതയുള്ള പാർട്ടി പ്രവർത്തകനായതിനാൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വം അദ്ദേഹത്തോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടെന്നും പ്രശ്നം യഥാസമയം പരിഹരിക്കുമെന്ന് ഉറപ്പുനൽകിയെന്നും സുരേഷ് പറഞ്ഞു. പാർട്ടി അദ്ദേഹത്തോട് ക്ഷമയോടെ കാത്തിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് മൈസൂരുവിൽ നടന്ന യോഗത്തിൽ രാഹുൽ ഗാന്ധി ഉറപ്പു നൽകി-സുരേഷ് പറഞ്ഞു.

പി.സി.സി അദ്ധ്യക്ഷനെന്ന നിലയിൽ 140 കോൺഗ്രസ് എം.എൽ.എമാരെയും ഒരുമിച്ച് നിർത്തുകയും സർക്കാരിൽ സ്ഥിരത നിലനിർത്തുകയും ചെയ്യേണ്ടതിനാൽ ശിവകുമാർ തത്‌ക്കാലം മൗനം പാലിക്കുകയാണെന്ന് സുരേഷ് കുമാർ വ്യക്തമാക്കി.

2025 നവംബർ 20 ന് കോൺഗ്രസ് സർക്കാർ രണ്ടര വർഷം പൂർത്തിയാക്കിയതോടെ മുൻപ് വാഗ്ദാനം ചെയ്‌ത നേതൃ മാറ്റത്തിനായി ശിവകുമാർ പക്ഷം മുറവിളി കൂട്ടുകയാണ്. കൂടുതൽ എം.എൽ.എമാരുടെ പിന്തുണയുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യ ഒഴിയാൻ തയ്യാറുമല്ല. ഇവർക്കിടയിൽ വിഴുപ്പലക്കൽ തുടർന്നപ്പോൾ എ.ഐ.സി.സി ഇടപെട്ട് താത്ക്കാലിക വെടിനിർത്തൽ നടപ്പിലാക്കിയിരുന്നു.

ജനുവരി 22ന് തുടങ്ങുന്ന കർണാടക നിയമസഭയുടെ ബഡ്‌ജറ്റ് സമ്മേളനത്തിന് ശേഷം ശിവകുമാർ പക്ഷം വീണ്ടുമിറങ്ങാനിരിക്കെയാണ് രാഹുൽ ഗാന്ധിയിൽ നിന്ന് ഉറപ്പുലഭിച്ചെന്ന വാർത്ത.