എസ്.ഐ.ആർ നടത്താൻ അധികാരമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
സുപ്രീംകോടതിയെ നിലപാട് അറിയിച്ചു
ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) നടത്താൻ അധികാരമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ എസ്.ഐ.ആറിനെതിരെ സമർപ്പിച്ച പൊതുതാത്പര്യഹർജികളിലാണ് നിലപാട് അറിയിച്ചത്. പ്രക്രിയ നടത്താനുള്ള കമ്മിഷന്റെ ഉത്തരവിന് നിയമത്തിന്റെ സ്വഭാവമാണുള്ളതെന്ന് അവരുടെ അഭിഭാഷകൻ അഡ്വ. രാകേഷ് ദ്വിവേദി വ്യക്തമാക്കി. പൊതുഉത്തരവാണത്. അസാം ഒഴികെ രാജ്യത്തെ മറ്റു മുഴുവൻ പ്രദേശങ്ങളിലും ബാധകമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. പൗരനെ മാത്രമേ വോട്ടറാക്കാൻ കഴിയുകയുള്ളു. പൗരന് വോട്ട് ഉറപ്പാക്കേണ്ടത് കമ്മിഷന്റെ ഭരണഘടനാ ഉത്തരവാദിത്തമാണ്. ആധാർ അടക്കം 11 രേഖകൾ സ്വീകരിക്കുന്നു. വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുന്നുവെന്ന ആരോപണം തെറ്രാണ്. വോട്ടർപട്ടികയിൽ നിന്ന് അന്യായമായി നീക്കിയെന്ന് പറഞ്ഞ് ഒരു വ്യക്തി പോലും സുപ്രീംകോടതിയെ സമീപിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. വാദംകേൾക്കൽ ഇന്നും തുടരും.