ഭീകരരുടെ ഒളിത്താവളം തകർത്തു
ശ്രീനഗർ: ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ ഒളിത്താവളം ഇന്ത്യൻ സുരക്ഷാസേന തകർത്തു. കിഷ്ത്വാറിലെ ഛാത്രൂ മേഖലയിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷൻ ട്രാഷി-1യുടെ ഭാഗമായി നടന്ന സംയുക്ത നീക്കത്തിലാണ് ഒളിത്താവളം തകർത്തത്. പുറത്തുനിന്ന് കാണാൻ കഴിയാത്തവിധം കല്ലുകൾ നിരത്തിയാണ് ബങ്കർ നിർമ്മിച്ചിരുന്നത്. മാസങ്ങളോളം കഴിക്കാൻ ആവശ്യമായ ഭക്ഷണസാധനങ്ങളും ബങ്കറിൽനിന്ന് സേന കണ്ടെടുത്തിട്ടുണ്ട്. 50 പാക്കറ്റ് നൂഡിൽസ്, 20 കിലോ അരി, ഗോതമ്പ്, പരിപ്പ് വർഗങ്ങൾ, പച്ചക്കറികൾ, മസാല പാക്കറ്റുകൾ എന്നിവയ്‌ക്കൊപ്പം രണ്ട് എൽ.പി.ജി സിലിണ്ടറുകളും സ്റ്റൗവും വിറകും ഇവിടെനിന്ന് കണ്ടെടുത്തു. ഭീകരർ ഇപ്പോഴും പ്രദേശത്ത് ഒളിച്ചിരിക്കുന്നുവെന്നാണ് നിഗമനം. നിലവിൽ ഡ്രോണുകളും സ്നിഫർ ഡോഗുകളും ഉപയോഗിച്ച് പ്രദേശത്ത് തെരച്ചിൽ തുടരുന്നുണ്ട്. ഇതിനിടെ ശ്രീനഗർ-ബാരാമുള്ള ദേശീയപാതയിലെ തപ്പർ പട്ടാനിൽ ഇന്നലെ സംശയാസ്പദമായ ഒരു വസ്തു കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ സേന ഉടൻ പ്രദേശം വളഞ്ഞ് തെരച്ചിൽ നടത്തി.