കർണാടക ഡി.ജി.പിക്ക് സസ്‌പെൻഷൻ
ബംഗളൂരു: അശ്ലീല വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ കർണാടക ഡി.ജി.പി (സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ്) കെ. രാമചന്ദ്രറാവുവിന് സസ്‌പെൻഷൻ. ഓഫീസിലെ ചേംബറിൽ ഡ്യൂട്ടിസമയത്ത് സ്ത്രീകളോടുത്തുള്ള സ്വകാര്യ ദൃശ്യങ്ങളാണ് തിങ്കളാഴ്ച സാമൂഹികമാദ്ധ്യമത്തിലൂടെ വ്യാപകമായി പ്രചരിച്ചത്. ദൃശ്യങ്ങൾ ഒറിജിനലാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. എട്ടു വർഷം മുൻപ് റാവു ബെളഗാവിയിൽ ജോലി ചെയ്യുമ്പോഴുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നാണ് വിവരം. രഹസ്യമായി ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ ആരാണ് പുറത്തുവിട്ടതെന്ന് വ്യക്തമല്ല. മൂന്ന് ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ട് ദൃശ്യങ്ങളിൽ യൂണിഫോമിലാണ് റാവു.
ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തെക്കുറിച്ച് വ്യാപക വിമർശനങ്ങൾ നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണ വിധേയമായി ഡി.ജി.പിയെ സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ വിശദീകരണം തേടി. കഴിഞ്ഞവർഷം സ്വർണക്കടത്തു കേസിൽ കുടുങ്ങിയ കന്നട നടി രാമചന്ദ്രറാവുവിന്റെ വളർത്തുമകളാണ്. സ്വർണക്കടത്തിന് സഹായം ചെയ്‌തെന്ന് ആരോപണമുയർന്നതിനെത്തുടർന്ന് റാവുവിനെ സർക്കാർ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നടപടി ഒഴിവാക്കി. ഇതിനു പിന്നാലെയാണ് ഇപ്പോൾ അശ്ലീല വീഡിയോ കുരുക്കായത്. അതേസമയം,തന്റെ പ്രതിച്ഛായ തകർക്കാനുള്ള ഗൂഢാലോചനയാണിതെന്ന് രാമചന്ദ്രറാവു പ്രതികരിച്ചു.