പത്തനാപുരത്ത് പൊലീസ് വാഹനത്തിന് നേരെ ആക്രമണം
Wednesday 21 January 2026 12:57 AM IST
കൊല്ലം: പത്തനാപുരത്ത് പൊലീസ് വാഹനം ജീപ്പുകൊണ്ട് ഇടിച്ചു തകർത്തു. പൊലീസുകാരന് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി പത്തനാപുരം പിടവൂർ പുത്തൻകാവ് ശ്രീമഹാവിഷ്ണു ക്ഷേത്ര പരിസരത്താണ് സംഭവം. ക്ഷേത്രത്തിൽ ഭാഗവത സപ്താഹ ജ്ഞാന യജ്ഞം നടക്കുകയാണ്. ഇവിടെ നായയുമായെത്തിയ പ്രദേശവാസിയായ സജീവ് ചെറിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇത് ക്ഷേത്ര ഭാരവാഹികൾ ചോദ്യം ചെയ്തു. വാക്കേറ്റമായതോടെ പൊലീസ് സ്ഥലത്തെത്തി. പൊലീസ് സജീവിനെ താക്കീത് ചെയ്തതിനെത്തുടർന്നാണ് ഇയാൾ ജീപ്പുമായി പൊലീസ് വാഹനത്തിൽ പല തവണ ഇടിച്ചത്. പൊലീസ് വാഹനത്തിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ അനീഷിന് പരിക്കേറ്റു. പിന്നീട് പ്രതി ഇവിടെ നിന്നു വാഹനം വിട്ടുപോവുകയായിരുന്നു. മുൻപും പൊലീസിനെ ആക്രമിച്ചതടക്കം നിരവധി കേസുകളിൽ സജീവ് പ്രതിയാണ്.