നയപ്രഖ്യാപന പ്രസംഗ വിവാദം: ഗവർണർക്കെതിരെ തമിഴ്നാട് സഭയിൽ മുഖ്യമന്ത്രിയുടെ പ്രമേയം

Wednesday 21 January 2026 1:04 AM IST

ചെന്നൈ: തമിഴ് നാട്ടിൽ സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ നിയമസഭയിൽ നിന്ന് വാക്കൗട്ട് ചെയ്ത ഗവർണർ ആർ.എൻ. രവിക്കെതിരെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രമേയം അവതരിപ്പിച്ചു.

ദേശീയഗാനം ആദ്യം ആലപിക്കാതിരുന്നതിൽ പ്രതിഷേധിച്ചും നടപടിക്രമങ്ങൾക്കിടെ തന്റെ മൈക്ക് ഓഫ് ചെയ്‌തെന്നും ആരോപിച്ചായിരുന്നു വാക്കൗട്ട്. ഇത് സഭയിൽ കടുത്ത പ്രതിഷേധത്തിനിടയാക്കി.

ഗവർണർ സഭയെ അപമാനിക്കുകയും പാരമ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്നും വിവിധ പരിപാടികളിൽ നടത്തിയ പ്രസംഗങ്ങളിൽ സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അത്തരം പെരുമാറ്റം രവി വഹിക്കുന്ന ഉയർന്ന ഭരണഘടനാ പദവിക്ക് യോജിക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടുന്ന പ്രമേയവും നിയമസഭ പാസാക്കി. തുടർന്നാണ് സ്പീക്കർ എം. അപ്പാവു കേന്ദ്രത്തിനെതിരയുള്ള വിമർശനങ്ങൾ അടങ്ങിയ നയപ്രഖ്യാപനം അവതരിപ്പിച്ചത്.

രാവിലെ നിയമസഭയിലെത്തിയ ഗവർണറെ സ്പീക്കറുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.

ക്രമസമാധാന നില തകർന്നെന്ന് ആരോപിച്ച് എടപ്പാടി പളനി സാമിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ എ.ഐ.എ.ഡി.എം.കെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിക്കുകയും ചെയ്തു.

സംസാരിക്കാൻ

അനുവദിച്ചില്ല: രവി

വാക്കൗട്ടിന് കാരണം വിശദീകരിച്ച് തമിഴ്നാട് ലോക്ഭവൻ പത്രക്കുറിപ്പ് പുറത്തിറക്കി. 'ഗവർണറുടെ മൈക്ക് നിരന്തരം സ്വിച്ച് ഓഫ് ചെയ്തു,അദ്ദേഹത്തെ സംസാരിക്കാൻ അനുവദിച്ചില്ല. ദളിതർക്കും ദളിത് സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുകയാണ്. ഇക്കാര്യങ്ങൾ പ്രസംഗത്തിൽ നിന്ന് പൂർണമായും ഒഴിവാക്കപ്പെട്ടു. ദേശീയ ഗാനം വീണ്ടും അപമാനിക്കപ്പെട്ടു, അടിസ്ഥാന ഭരണഘടനാ കടമകൾ അവഗണിച്ചു. നയപ്രഖ്യാപനത്തിൽ തെളിവില്ലാത്ത അവകാശവാദങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളും അടങ്ങിയിരുന്നു. സംസ്ഥാനം 12 ലക്ഷം കോടിയുടെ നിക്ഷേപം ആകർഷിച്ചെന്ന അവകാശവാദം അകലെയാണ്. നിക്ഷേപകരുമായുള്ള പല ധാരണാപത്രങ്ങളും കടലാസിൽ മാത്രമാണ്. ആയിരക്കണക്കിന് ക്ഷേത്രങ്ങളിൽ ട്രസ്റ്റി ബോർഡ് ഇല്ല. സർക്കാർ നേരിട്ട് ഭരിക്കുകയാണ്. പഴക്കം ചെന്ന ക്ഷേത്രങ്ങളുടെ പുനഃസ്ഥാപനത്തെയും സംരക്ഷണത്തെയും സംബന്ധിച്ച മദ്രാസ് ഹൈക്കോടതിയുടെ നിർണായക നിർദ്ദേശങ്ങൾ അഞ്ച് വർഷം കഴിഞ്ഞിട്ടും നടപ്പാക്കിയില്ല' - ഗവർണറുടെ പ്രസ്താവനിൽ പറയുന്നു.