ഫാഷൻ ചക്രവർത്തി വാലന്റീനോയ്‌ക്ക് വിട

Wednesday 21 January 2026 7:20 AM IST

റോം: ഫാഷൻ ലോകത്തെ 'അവസാന ചക്രവർത്തി"യെന്ന് അറിയപ്പെട്ടിരുന്ന ഇതിഹാസ ഇറ്റാലിയൻ ഫാഷൻ ഡിസൈനർ വാലന്റീനോ ഗരാവാനി (93)​ ഓർമ്മയായി. തിങ്കളാഴ്ച റോമിലെ വസതിയിലായിരുന്നു 20 -ാം നൂറ്റാണ്ടിന്റെ ഫാഷൻ സങ്കല്പങ്ങളെ മാറ്റിമറിച്ച വാലന്റീനോയുടെ അന്ത്യം. എലിസബത്ത് ടെയ്‌ലർ,​ നാൻസി റീഗൻ,​ ഡയാന രാജകുമാരി, ജാക്വലിൻ കെന്നഡി, ഷാരോൺ സ്റ്റോൺ,​ ജൂലിയ റോബർട്സ് തുടങ്ങി ഒട്ടനവധി സെലിബ്രിറ്റികളുടെ ഐക്കണിക് ലുക്കിന് പിന്നിൽ വാലന്റീനോയുടെ മാജിക് കാണാം.

1960ൽ 'വാലന്റീനോ" എന്ന പേരിൽ ആഡംബര ഫാഷൻ ബ്രാൻഡ് സ്ഥാപിച്ച അദ്ദേഹം ജോർജിയോ അർമാനി,​ കാൾ ലാഗർഫെൽഡ് തുടങ്ങിയ ഫാഷൻ കുലപതികൾക്കൊപ്പം മുൻനിരയിൽ പ്രതിഷ്ഠിക്കപ്പെട്ടു. ആഡംബരവും ഗ്ലാമറും സമ്പത്തും സമൃദ്ധിയും കോർത്തിണക്കിയതായിരുന്നു വാലന്റീനോ ഡിസൈൻ ചെയ്ത വസ്ത്ര ശേഖരങ്ങൾ.

1932ൽ ലൊംബാർഡിയിൽ ജനിച്ച വാലന്റീനോ പഠന കാലത്ത് തന്നെ ഫാഷൻ ലോകത്തേക്ക് ആകൃഷ്ടനായി. 17-ാം വയസിൽ പാരീസിൽ ഫാഷൻ പഠനം തുടങ്ങിയ അദ്ദേഹം ഷോൺ ഡസ്, ഷാക്ക് ഫത്, ക്രിസ്റ്റ്യൻ ഡീയോർ തുടങ്ങിയ പ്രതിഭകൾക്കൊപ്പം പ്രവർത്തിച്ചു.

ചുവപ്പ് നിറത്തെ അഗാതമായി സ്നേഹിച്ച അദ്ദേഹം 'വാലന്റീനോ റെഡ്" എന്ന ചുവപ്പിന്റെ ഗംഭീരമായ ഒരു വകഭേദം ഫാഷൻ ലോകത്ത് ഹിറ്റാക്കി. വാലന്റീനോ റെഡ് ഗൗണിൽ റാംപിൽ ചുവടുവച്ച മോഡലുകൾ കാലാതീതമായ ചാരുതയുടെ പ്രതീകമായി. ചുവപ്പ് ഏതൊരു സ്ത്രീയേയും സുന്ദരിയാക്കുമെന്ന് വാലന്റീനോ തന്റെ സൃഷ്ടികളിലൂടെ തെളിയിച്ചു. സ്വീഡനിലെ മാഡലീൻ രാജകുമാരിയുടെ വിവാഹ വസ്ത്രം ഡിസൈൻ ചെയ്തത് വാലന്റീനോയാണ്.

2008ൽ വിരമിച്ച അദ്ദേഹം വിശ്രമജീവിതം നയിക്കുകയായിരുന്നു. ഇറ്റാലിയൻ ബിസിനസുകാരൻ ജിയാൻകാർലോ ജിയാമെറ്റിയായിരുന്നു വാലന്റീനോയുടെ ജീവിത പങ്കാളി.