പരിക്കിനെ സ്‌റ്റൈലാക്കി മാക്രോൺ
പാരീസ്: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റ 'സ്റ്റൈലിഷ് ലുക്കാണ്" സംസാര വിഷയം. പൊതുവേദികളിൽ നീല നിറത്തിലെ ലൂയീ വീറ്റൺ ഏവിയേറ്റർ സ്റ്റൈൽ സൺഗ്ലാസും ധരിച്ചാണ് മാക്രോൺ പ്രത്യക്ഷപ്പെടുന്നത്. ഇന്നലെ സ്വിറ്റ്സർലൻഡിലെ ഡാവോസിൽ ലോക സാമ്പത്തിക ഫോറത്തിലും ഗ്ലാസ് ധരിച്ചാണ് മാക്രോൺ എത്തിയത്. ഇതോടെ പതിവില്ലാതെയുള്ള മാക്രോണിന്റെ ഗ്ലാസ് ലുക്ക് സോഷ്യൽ മീഡിയയിൽ ചർച്ചയായി. ശരിക്കും വലതു കണ്ണിലെ പരിക്ക് മറയ്ക്കാനാണ് മാക്രോൺ ഗ്ലാസ് തിരഞ്ഞെടുത്തത്. വലതു കണ്ണിലെ ഒരു ചെറിയ രക്തക്കുഴൽ പൊട്ടിയത് മൂലം കണ്ണ് ചുവന്ന് അല്പം തടിച്ച നിലയിലാണ്. മാക്രോണിന്റെ പരിക്ക് നിസാരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹത്തിന്റെ ഡോക്ടർമാരും അധികൃതരും വ്യക്തമാക്കുന്നു. ജനുവരി 15ന് ഫ്രഞ്ച് സായുധ സേനയ്ക്ക് പുതുവർഷ അഭിസംബോധന നടത്തിയ പരിപാടിയിൽ ഗ്ലാസ് ധരിക്കാതെയായിരുന്നു മാക്രോൺ എത്തിയത്. തന്റെ പരിക്കിനെ പറ്റി അദ്ദേഹം തമാശ പറയുകയുമുണ്ടായി. അതിനിടെ, പരിക്കിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പല തരത്തിലെ അഭ്യൂഹങ്ങളും ട്രോളുകളും പ്രചരിക്കുകയും ചെയ്തു. മാക്രോണിന്റെ ഭാര്യ ബ്രിജിറ്റ് ഇടിച്ചതാകാമെന്ന് വരെ ട്രോളുകൾ ഉയർന്നു.