ഗാസ സമാധാന ബോർഡിനെ എതിർത്തു: മാക്രോണിനെതിരെ വാളെടുത്ത് ട്രംപ്  200 ശതമാനം തീരുവ ഭീഷണി

Wednesday 21 January 2026 7:20 AM IST

വാഷിംഗ്ടൺ: ഗാസയുടെ മേൽനോട്ടത്തിനായി താൻ രൂപീകരിച്ച 'സമാധാന ബോർഡി "നെ എതിർത്ത പിന്നാലെ ഫ്രാൻസുമായി കൊമ്പുകോർത്ത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് ചെയർമാനായി രൂപീകരിച്ച സമാധാന ബോർഡിലെ അംഗമാകാൻ ഫ്രാൻസിന് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ക്ഷണം നിരസിച്ചത് ട്രംപിനെ ചൊടിപ്പിച്ചു.

ഫ്രഞ്ച് വൈനിനും ഷാംപെയ്നും 200 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. മാക്രോണിനെ ട്രംപ് വ്യക്തിപരമായി ആക്രമിക്കുകയും ചെയ്തു. ബോർഡിൽ ആർക്കും മാക്രോണിനെ വേണ്ടെന്നും, മാക്രോൺ ഉടൻ പുറത്താക്കപ്പെടുമെന്നും (2027ലെ ഫ്രഞ്ച് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനെ ഉദ്ദേശിച്ച്) ട്രംപ് ആഞ്ഞടിച്ചു. വ്യാപാര പ്രശ്നങ്ങൾ പരിഹരിക്കാൻ പാരീസിൽ ജി 7 ഉച്ചകോടി നടത്താമെന്ന് മാക്രോൺ പറയുന്ന സ്വകാര്യ സന്ദേശം ട്രംപ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തു.

സമാധാന ബോർഡിന്റെ ചാർട്ടർ ഗാസയ്ക്കായി രൂപീകരിച്ച ചട്ടക്കൂടിനപ്പുറത്തേക്ക് പോവുന്നെന്നും യു.എൻ രക്ഷാ സമിതിയെ ദുർബലപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടിയാണ് ഫ്രാൻസ് ക്ഷണം നിരസിച്ചത്. ഡെൻമാർക്കിന്റെ നിയന്ത്രണത്തിലുള്ള ഗ്രീൻലൻഡിനെ യു.എസിന് വേണമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെ മാക്രോൺ നേരത്തെ രംഗത്തെത്തിയിരുന്നു. തന്റെ ഗ്രീൻലൻഡ് പദ്ധതിയെ എതിർക്കുന്നതിന്റെ പേരിൽ ട്രംപ് 10 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചിട്ടുള്ള എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ ഒന്ന് ഫ്രാൻസാണ്.

# ട്രംപിന്റേത് ബ്ലാക്ക് മെയിൽ : ഫ്രാൻസ്

ട്രംപ് തീരുവയിലൂടെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് ഫ്രഞ്ച് കൃഷി മന്ത്രി ആനി ജെനവാർഡ് പറഞ്ഞു. സാമ്പത്തിക ആയുധങ്ങൾ രാഷ്ട്രീയ ബലപ്രയോഗത്തിന് ഉപയോഗിക്കരുതെന്നും അവർ പറഞ്ഞു. ട്രംപിന്റെ ഭീഷണികൾ അംഗീകരിക്കാനാകില്ലെന്ന് മാക്രോണും വ്യക്തമാക്കി. ഫെബ്രുവരി 1 മുതൽ ഗ്രീൻലൻഡ് തീരുവയുമായി മുന്നോട്ടുപോകാനാണ് ട്രംപിന്റെ ഭാവമെങ്കിൽ, തിരിച്ചടി തീരുവ ചുമത്തണമെന്ന് യൂറോപ്യൻ യൂണിയനോട് മാക്രോൺ ആവശ്യപ്പെട്ടു.

# ജാഗ്രതയോടെ രാജ്യങ്ങൾ

1. ഗാസയിലെ വെടിനിറുത്തൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് മേൽനോട്ടം വഹിക്കാനാണ് സമാധാന ബോർഡ് രൂപീകരിച്ചത്. എന്നാൽ യു.എന്നിന് ബദലായി ബോർഡിനെ മാറ്റാനാണ് ട്രംപിന്റെ നീക്കം. ഗാസയ്ക്ക് പുറമേ മറ്റ് ആഗോള പ്രശ്നങ്ങളിലും ബോർഡ് ഇടപെടും

2. ബോർഡ് യു.എന്നിന്റെ തത്വങ്ങളെ അട്ടിമറിക്കുമോ എന്ന് ആശങ്ക. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ ട്രംപിന്റെ ക്ഷണത്തോട് പ്രതികരിച്ചിട്ടില്ല. സാഹചര്യങ്ങൾ ജാഗ്രതയോടെ അവലോകനം ചെയ്യുകയാണ്. യു.എ.ഇ, മൊറോക്കോ,​ വിയറ്റ്നാം,​ ഹംഗറി,​ അർജന്റീന എന്നിവർ ക്ഷണം സ്വീകരിച്ചു

3. ബോർഡിൽ അംഗമാകാമെന്ന് കാനഡ അറിയിച്ചെങ്കിലും, സ്ഥിരാംഗത്വത്തിനുള്ള 100 കോടി ഡോളർ നൽകില്ലെന്ന് പറഞ്ഞു. തുക നൽകാത്ത രാജ്യങ്ങൾക്ക് മൂന്ന് വർഷമാണ് കാലാവധി. സ്ഥിരാംഗത്വ ഫണ്ട് ഗാസയുടെ പുനർനിർമ്മാണം ലക്ഷ്യമിട്ടുള്ളതാണ്