27 വർഷത്തെ കരിയറിന് അവസാനം; ലോക പ്രശസ്‌ത ബഹിരാകാശ യാത്രികയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് വിരമിച്ചു

Wednesday 21 January 2026 10:19 AM IST

ന്യൂഡൽഹി: ലോകപ്രശസ്ത ബഹിരാകാശ സ‌ഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിൽ നിന്ന് വിരമിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്‌എസ്) 286 ദിവസം തങ്ങിയതുൾപ്പെടെ 27 വർഷത്തെ കരിയറിനാണ് സുനിത അന്ത്യം കുറിച്ചത്. മൂന്ന് ബഹിരാകാശ ദൗത്യങ്ങളും ബഹിരാകാശത്തെ 608 ദിവസങ്ങളും സുനിതയുടെ കരിയറിൽ ഉൾപ്പെടുന്നു. ഇന്നലെയാണ് സുനിത വിരമിച്ചതായി നാസ ഔദ്യോഗികമായി അറിയിച്ചത്. ഭാവി പര്യവേഷണങ്ങളെ ചിട്ടപ്പെടുത്തുന്നതിൽ സുനിത വലിയ പങ്കാണ് വഹിച്ചതെന്ന് നാസ അഡ്‌മിനിസ്‌ട്രേറ്റർ ജറെഡ് ഐസക്‌മൻ പറഞ്ഞു.

ബഹിരാകാശമാണ് തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഇടമെന്ന് സുനിത വില്യംസ് എപ്പോഴും പങ്കുവയ്ക്കുമായിരുന്നു. വരാനിരിക്കുന്ന ആർട്ടെമിസ് ദൗത്യത്തെ ഏറെ പ്രതീക്ഷയോടെയാണ് താൻ ഉറ്റുനോക്കുന്നത്. അടുത്ത തലമുറയിലേയ്ക്ക് ദീപം കൈമാറേണ്ട സമയമായി. പുത്തൻ ആശയങ്ങളുമായി ഊർജസ്വലരായ ഒരുപറ്റം ചെറുപ്പക്കാർ കാത്തുനിൽക്കുന്നുണ്ടെന്നും അവർ ഒരു അഭിമുഖത്തിൽ പറഞ്ഞു.

സുനിത വില്യംസ് 1998ലാണ് നാസയുടെ ഭാഗമായത്. ബുഷ് വിൽമോറിനൊപ്പം 2024 ജൂണിൽ നടത്തിയതാണ് അവസാന യാത്ര. പത്ത് ദിവസത്തേയ്ക്ക് നിശ്ചയിച്ചിരുന്ന ബഹിരാകാശ യാത്ര സാങ്കേതിക തടസങ്ങളാൽ നീണ്ടതിനെത്തുടർന്ന് 2025 മാർച്ചിലാണ് സുനിത ഭൂമിയിലേയ്ക്ക് തിരികെയെത്തിയത്.

ഭ്രമണപഥത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച രണ്ടാമത്തെ നാസ ബഹിരാകാശയാത്രികയാണ് സുനിത. ഒരു അമേരിക്കൻ ബഹിരാകാശയാത്രികയുടെ ഏറ്റവും ദൈർഘ്യമേറിയ സിംഗിൾ ബഹിരാകാശ യാത്രകളുടെ പട്ടികയിൽ ആറാം സ്ഥാനത്തും. ഒമ്പത് ബഹിരാകാശ നടത്തങ്ങൾ പൂർത്തിയാക്കിയ സുനിത, ബഹിരാകാശ പേടകത്തിന് പുറത്ത് ആകെ 62 മണിക്കൂറും ആറ് മിനിറ്റുമാണ് ചെലവഴിച്ചത്. ഇതോടെ ഏറ്റവും കൂടുതൽ ബഹിരാകാശ നടത്ത സമയം ചെലവഴിച്ച വനിതയെന്ന റെക്കാഡും സ്വന്തമാക്കി. സഞ്ചിത ബഹിരാകാശ നടത്ത ദൈർഘ്യത്തിന്റെ എക്കാലത്തെയും പട്ടികയിൽ നാലാം സ്ഥാനത്തും എത്തി. ബഹിരാകാശത്ത് ഒരു മാരത്തൺ ഓടുന്ന ആദ്യ വ്യക്തി എന്ന ബഹുമതിയും സുനിതയ്ക്കുണ്ട്.

നാസയിൽ നിരവധി പ്രധാന ദൗത്യങ്ങളും സുനിത കൈകാര്യം ചെയ്തു. 2002ൽ നാസ എക്സ്ട്രീം എൻവയോൺമെന്റ്‌സ് മിഷൻ ഓപ്പറേഷൻസിൽ (നീമോ) ക്രൂ അംഗമായി സേവനമനുഷ്ഠിച്ചു. ഒമ്പത് ദിവസം അണ്ടർവാട്ടർ ആവാസവ്യവസ്ഥയിൽ താമസിച്ച് പ്രവർത്തിച്ചു. ആദ്യ ബഹിരാകാശ യാത്രയ്ക്ക് ശേഷം നാസയുടെ ആസ്ട്രോനട്ട് ഓഫീസിന്റെ ഡെപ്യൂട്ടി ചീഫായി. രണ്ടാമത്തെ ദൗത്യത്തിന് ശേഷം റഷ്യയിലെ സ്റ്റാർ സിറ്റിയിൽ ഓപ്പറേഷൻസ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു. ആർട്ടെമിസ് പ്രോഗ്രാമിന് കീഴിൽ ഭാവിയിലെ ചന്ദ്രനിൽ ഇറങ്ങുന്നതിന് ബഹിരാകാശയാത്രികരെ തയ്യാറാക്കുന്നതിനായി ഹെലികോപ്റ്റർ പരിശീലന പ്ലാറ്റ്ഫോം സ്ഥാപിക്കാൻ സുനിത നേതൃത്വം നൽകി.

മസാച്യുസെറ്റ്സിലെ നീധാം സ്വദേശിയായ സുനിത വില്യംസ് യുഎസ് നേവൽ അക്കാഡമിയിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽ ബിരുദവും ഫ്ലോറിഡയിലെ മെൽബണിലുള്ള ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എഞ്ചിനീയറിംഗ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. യുഎസ് നേവി ക്യാപ്റ്റനായി വിരമിച്ചു. മികച്ച ഹെലികോപ്റ്റർ- ഫിക്സഡ്-വിംഗ് പൈലറ്റായിരുന്നു. 40 വ്യത്യസ്ത വിമാനങ്ങളിലായി 4000ത്തിലധികം മണിക്കൂറുകൾ വിമാനം പറത്തിയിട്ടുണ്ട്.

1950കളുടെ അവസാനത്തിൽ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ പ്രശസ്ത ന്യൂറോ അനാട്ടമിസ്റ്റായിരുന്നു സുനിതയുടെ പിതാവ് ഡോ. ദീപക് പാണ്ഡ്യ. സുനിത യുഎസിൽ ജനിച്ചു വളർന്നെങ്കിലും ഇന്ത്യയുമായി ആഴത്തിലുള്ള വൈകാരിക ബന്ധം എപ്പോഴും നിലനിർത്തിയിരുന്നു.