വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; വ്യാജ പിസ ഹട്ട് ഉദ്ഘാടനം ചെയ്ത് ആഭ്യന്തര മന്ത്രി, പിന്നാലെ കമ്പനിയുടെ വിശദീകരണം
ഇസ്‌ലാമാബാദ്: വ്യാജ പിസ സ്ഥാപനം ഉദ്ഘാടനം ചെയ്ത് പാകിസ്ഥാൻ കേന്ദ്ര പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. സിയാൽകോട്ടിലെ പിസ സ്ഥാപനം ഇന്നലെയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ഇതിന് പിന്നാലെ സ്ഥാപനത്തിനെതിരെ പാകിസ്ഥാനിലെ ഔദ്യോഗിക പിസ ഹട്ട് ഫ്രാഞ്ചൈസി രംഗത്തെത്തുകയായിരുന്നു. മന്ത്രി ഉദ്ഘാടനം ചെയ്തത് അനധികൃത ഔട്ട്‌ലെറ്റ് ആണെന്നും ബ്രാൻഡ് ഐഡന്റിറ്റിയും പേരും വ്യാജമായി ഉപയോഗിക്കുകയാണെന്നുമാണ് പിസ ഹട്ട് വ്യക്തമാക്കിയത്.
'സിയാൽകോട്ടിലെ സ്ഥാപനത്തിന് പിസ ഹട്ട് പാകിസ്ഥാനുമായോ മാതൃസ്ഥാപനമായ യം ബ്രാൻഡ്‌സുമായോ ബന്ധമില്ല. പിസ ഹട്ടിന്റെ അന്താരാഷ്ട്ര ചേരുവകൾ, ഗുണനിലവാര നിയമങ്ങൾ, ഭക്ഷണ സുരക്ഷ, പ്രവർത്തന മാനദണ്ഡങ്ങൾ എന്നിവ ഈ സ്ഥാപനം പിന്തുടരുന്നില്ല'- കമ്പനി വ്യക്തമാക്കി. തങ്ങളുടെ ട്രേഡ്മാർക്ക് അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കമ്പനി പരാതിയും നൽകി. കമ്പനി പറയുന്നതനുസരിച്ച്, പിസ ഹട്ട് പാകിസ്ഥാന് നിലവിൽ രാജ്യവ്യാപകമായി 16 അംഗീകൃത സ്റ്റോറുകളാണുള്ളത്. 14 എണ്ണം ലാഹോറിലും രണ്ടെണ്ണം ഇസ്‌ലാമാബാദിലും. സിയാൽകോട്ട് ഔട്ട്‌ലെറ്റ് ഇവയിൽ ഉൾപ്പെടുന്നില്ലെന്നാണ് കമ്പനി അറിയിക്കുന്നത്.
പാക് ആഭ്യന്തര മന്ത്രി സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചത് സർക്കാരിന് നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. ഇതിനെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. സ്ഥാപനത്തിന്റെ ആധികാരികത പരിശോധിക്കാതെ എങ്ങനെയാണ് കേന്ദ്രമന്ത്രി ഉദ്ഘാടനം നടത്തിയതെന്നാണ് കൂടുതൽ പേരും വിമർശിക്കുന്നത്.