'ദിലീപിനും മഞ്ജുവിനും വേണ്ടി എനിക്കത് ചെയ്യേണ്ടിവന്നു, അത്രയ്ക്കും അടുത്ത സുഹൃത്തുക്കളാണ് ഞങ്ങൾ'

Wednesday 21 January 2026 12:21 PM IST

'കുഞ്ഞിക്കൂനൻ' സിനിമയിൽ നടൻ ദിലീപിനുവേണ്ടി ഡ്യൂപ്പ് ചെയ്തിട്ടുണ്ടെന്ന് നടനും സംവിധായകനുമായ നാദിർഷാ. ഒരു ഗ‍ൾഫ് ഷോയുടെ ചർച്ചയ്ക്കാണ് താൻ അന്ന് ഷൂട്ടിംഗ് സ്ഥലത്തെത്തിയതെന്നും നാദിർഷാ പറഞ്ഞു. കഴിഞ്ഞദിവസം നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെക്കുറിച്ച് തുറന്നുപറഞ്ഞത്.

'തൊടുപുഴയിലാണ് കുഞ്ഞിക്കൂനന്റെ ഷൂട്ടിംഗ് നടന്നത്. അന്ന് ഒരു ഗൾഫ് ഷോയുടെ കാര്യം ചർച്ച ചെയ്യാൻ ഞാൻ അവിടെപോയിരുന്നു. അവിടെ എത്തിയപ്പോൾ അവർ എല്ലാവരും ഭയങ്കര ചർച്ചയായിരുന്നു. ശശി ശങ്കർ ചേട്ടനാണ് ചിത്രം സംവിധാനം ചെയ്തത്. അതിൽ ഫൈറ്റ് സീനിൽ അഭിനയിക്കാൻ വന്ന ഡ്യൂപ്പ് ശരിയായില്ല. അങ്ങനെ എന്നോട് ചെയ്യുമോയെന്ന് ചോദിച്ചു. അന്ന് രാത്രി തന്നെ ചെയ്യാൻ തീരുമാനിച്ചു.

പല്ലും മുടിയും എല്ലാം വച്ചപ്പോൾ ശരിയായ ലുക്ക് കിട്ടി. ദീലിപ് പോയ പല സ്റ്റേജ് ഷോയ്ക്കും ഞാൻ ഡബ്ബ് ചെയ്തിട്ടുണ്ട്. ശബ്ദം തിരിച്ചറിയാൻ കഴിയില്ലായിരുന്നു. ദിലീപും മഞ്ജു വാര്യരും ചെയ്ത സ്റ്റേജ് ഷോയ്ക്കും ഞാൻ ഡബ്ബ് ചെയ്തിട്ടുണ്ട്. ദിലീപിനെ ഏത് പാതിരാത്രിയും വിളിക്കാനുള്ള ഒരു സ്വാതന്ത്ര്യം എനിക്കുണ്ട്. അത്രയും അടുത്ത സൗഹൃത്തുക്കളാണ് ഞങ്ങൾ.

പണ്ട് ദിലീപ് എന്റെ കെെയിൽ നിന്ന് ഓട്ടോഗ്രാഫ് എല്ലാം വാങ്ങിയിട്ടുണ്ട്. അത് ഇടയ്ക്ക് ഒരു അഭിമുഖത്തിൽ അവൻ പറഞ്ഞിരുന്നു. മഹാരാജാസിൽ മിമിക്രിക്ക് ജഡ്‌ജായി പോയപ്പോൾ ദിലീപ് അവിടെ മത്സരിക്കാൻ എത്തിയിരുന്നു. അന്ന് ഒന്നാം സമ്മാനം ദിലീപിനായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദമാണ് ഞാനും ദിലീപും തമ്മിൽ'- നാദിർഷാ വ്യക്തമാക്കി.