'അത് മനസിലാക്കാനുള്ള ബുദ്ധി ദിലീപിനില്ലേ?'; കാഞ്ചനമാലയുടെ വിഷയത്തിൽ സംഭവിച്ചത് വെളിപ്പെടുത്തി മല്ലികാ സുകുമാരൻ
നടൻ ദിലീപും പൃഥ്വിരാജും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നത് വർഷങ്ങളായി സിനിമാ ലോകത്ത് പരക്കുന്ന വാർത്തയാണ്. പൃഥ്വിരാജിന്റെ എന്നും നിന്റെ മൊയ്‌തീൻ എന്ന ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പ്രശ്‌നങ്ങൾക്ക് തിരികൊളുത്താൻ ദിലീപ് ശ്രമിച്ചുവെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ അമ്മ സംഘടനയിൽ ദിലീപിനെതിരെ പൃഥ്വിരാജ് സംസാരിച്ചുവെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇതിലെല്ലാം പ്രതികരിച്ചിരിക്കുകയാണ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലികാ സുകുമാരൻ.
'എന്നും നിന്റെ മൊയ്‌തീൻ സിനിമയുമായി ബന്ധപ്പെട്ട് ഒരു വിവാദമുണ്ടായപ്പോൾ ദിലീപ് പോയി കാഞ്ചനമാലയെക്കണ്ട് സംസാരിച്ചു. എന്നിട്ടെന്തായി. പൃഥ്വിരാജ് മഹാമോശമാണെന്ന് കാഞ്ചനമാല എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? പിന്നെ അതിനെക്കുറിച്ച് നമ്മൾ അന്വേഷിക്കേണ്ട കാര്യമുണ്ടോ? ഇപ്പോഴും കാഞ്ചനമാലയെ ഞങ്ങൾ കാണാറുണ്ട്, സംസാരിക്കാറുമുണ്ട്.
ദിലീപും പൃഥ്വിരാജും തമ്മിൽ എന്തെങ്കിലും പ്രശ്‌നമുള്ളതായി എനിക്കറിയില്ല. അന്ന് കേസുണ്ടായപ്പോൾ മമ്മൂട്ടിയുടെ വീട്ടിൽ വച്ച് മീറ്റിംഗ് നടന്നു. മീറ്റിംഗിന് മുമ്പാണ് രാജു സംസാരിച്ചത്. പലതവണ ഞാനത് കേട്ടു. അതിലൊന്നും എനിക്ക് തോന്നിയില്ല. ദിലീപിനെതിരായാണ് രാജു മീറ്റിംഗിൽ സംസാരിച്ചതെന്ന് നിങ്ങളോട് ആരാ പറഞ്ഞത്. അത് മനസിലാക്കാനുള്ള ബുദ്ധി ദിലീപിനില്ലേ. ഇന്നേവരെ രാജുവോ ഞാനോ ദിലീപാണ് തെറ്റുകാരനെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ടോ?
നടിക്ക് നേരെ ആക്രമണം ഉണ്ടായി എന്ന കാര്യത്തിൽ സംശയമില്ല. അതിന്റെ അസാമ്മാന്യ മനക്കരുത്താണോ ആ പക മനസിൽ വന്നതുകൊണ്ടാണോ എന്നറിയില്ല അതിപ്പോഴും നല്ല സ്‌ട്രോംഗായി നിൽക്കുന്നുണ്ട്. ഇതിന്റെ പിന്നിൽ ഒരു നടന്റെയോ നിർമാതാവോ ഒക്കെയാണെന്ന് ആരോപണം ഉണ്ടായെങ്കിൽ അതിന് പിന്നിൽ അവരല്ലെന്ന് തെളിയിക്കാൻ എന്തുകൊണ്ട് ഉത്സാഹിച്ച് ഇറങ്ങിയില്ല. തന്റെ ഭാഗത്ത് തെറ്റില്ലെന്ന് അവർ തെളിയിക്കണം. കൊട്ടേഷൻ കൊടുത്തെങ്കിൽ അതാരാണ് കൊടുത്തതെന്ന് അറിയണം. അല്ലെങ്കിൽ ഏതൊരു സാധാരണക്കാരനും സംശയം തോന്നില്ലേ' - മല്ലികാ സുകുമാരൻ ചോദിച്ചു.