എൽഐസി ഉദ്യോഗസ്ഥ ഓഫീസിനുള്ളിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്; കൊലപാതകമെന്ന് കണ്ടെത്തൽ

Wednesday 21 January 2026 2:06 PM IST

ചെന്നൈ: മധുര എൽഐസി ഓഫീസിൽ ഉദ്യോഗസ്ഥ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. ഓഫീസിലെ അഡ്‌മിനിസ്‌ട്രേറ്റീവ് മാനേജർ ഡി.റാം( 46) ആണ് കൊലപാതകം നടത്തിയത്. ഇയാൾ ആസൂത്രിതമായി കൊലപാതകം നടത്തിയ ശേഷം അപകടമരണമാണെന്ന് വരുത്തി തീർക്കുകയായിരുന്നു. കെട്ടിടത്തിൽ ഡിസംബർ 17ന് ഉണ്ടായ തീപിടിത്തത്തിലാണ് മനേജർ കല്യാണി നമ്പി(56) പൊള്ളലേറ്റ് മരിച്ചത്. സംഭവത്തിൽ റാമിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്റുകളിലെ ക്രമക്കേടുകളിൽ നടപടിയെടുക്കുമെന്ന് കല്യാണി നമ്പി ഇയാൾക്ക്‌ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ ഇയാൾക്ക് ഓഫീസിൽ കൂടുതൽ സമയം ജോലിയെടുക്കേണ്ടി വന്നു. ഇതിന്റെ പ്രതികാരമായാണ് മാനേജരുടെ കാബിനുള്ളിലെ ഫയലുകൾ കൂട്ടിയിട്ട് ഇയാൾ പെട്രോൾ ഒഴിച്ച്‌ തീ കൊളുത്തിയത്. തുടർന്ന് പ്രതി കാബിൻ പുറത്തുനിന്നു പൂട്ടുകയായിരുന്നു. തീ ആളിപ്പടർന്നതോടെയാണ് ഗുരുതരമായി പൊള്ളലേറ്റ് കല്യാണി മരണപ്പെട്ടത്.

എയർ കണ്ടീഷണർ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തം ഉണ്ടായതാകാം എന്നാണ് ആദ്യം സംശയിച്ചത്. എന്നാൽ മുഖം മൂടി ധരിച്ച ഒരാൾ ഓഫീസിലെത്തി മാനേജരുടെ ആഭരണങ്ങൾ മോഷ്‌ടിച്ചു തീകൊളുത്തിയെന്ന് റാം കള്ളക്കഥ ഉണ്ടാക്കിയതാണ് ആസൂത്രണം പൊളിയാൻ കാരണം.