ദീപക്കിന്റെ മരണം; ഷിംജിത മുസ്‌തഫ അറസ്റ്റിൽ, പിടിയിലായത് വടകരയിലെ ബന്ധുവീട്ടിൽ നിന്ന്

Wednesday 21 January 2026 3:35 PM IST

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ ദീപക് എന്ന യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിത മുസ്‌തഫ അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ സ്റ്റേഷനിലേയ്ക്ക് എത്തിക്കുന്നതിന്റെ നടപടികൾ ആരംഭിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് ഷിംജിതയെ സ്റ്റേഷനിലേയ്ക്ക് എത്തിച്ചത്. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഷിംജിതയ്ക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് അറസ്റ്റ്. മരിച്ച ഗോ​വി​ന്ദ​പു​രം,​ കൊ​ള​ങ്ങ​ര​ക​ണ്ടി,​ ​ഉള്ളാ​ട്ട്തൊ​ടി​ ​ ദീ​പ​ക്കിന്റെ അമ്മയുടെ പരാതിയിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി യുവതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഷിംജിത രാജ്യം വിട്ടേക്കുമെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. പത്തു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, കോഴിക്കോട് ജില്ലാ കോടതിയിൽ ഷിംജിത മുൻകൂർ ജാമ്യാപേക്ഷ നൽകിയതായും വിവരമുണ്ട്. നാളെ ജാമ്യാപേക്ഷ പരിഗണിക്കുമെന്നും സൂചനയുണ്ട്.

പയ്യന്നൂരിൽ സ്വകാര്യ ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്നുകാട്ടി ഷിംജിത മുസ്തഫ ഇൻസ്റ്റഗ്രാമിലിട്ട് ദൃശ്യം പ്രചരിച്ചതിന് പിന്നാലെയാണ് ദീപക്ക് ജീവനൊടുക്കിയത്. സംഭവം നടന്ന സ്വകാര്യ ബസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽ ദീപക്കിന്റെയും ഷിംജിതയുടേയും ദൃശ്യം വ്യക്തമല്ല. യുവതി ഇൻസ്റ്റഗ്രാമിലിട്ട ദൃശ്യത്തിന്റെ പൂർണ ഭാഗം വീണ്ടെടുക്കാനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിൽ എഡിറ്റിംഗ് നടന്നോ എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിനായി യുവതിയുടെ ഫോൺ കസ്റ്റഡിയിലെടുക്കും. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഈ ദൃശ്യങ്ങൾ യുവതി ഡിലീറ്റ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ കേസിൽ നിർണായകമാകും.