'പ്രസവശേഷം ഭർത്താവിനെ നഷ്‌ടപ്പെട്ടതായി തോന്നുന്നു'; മാനസികാവസ്ഥ തുറന്നുപറഞ്ഞ് നടി ദുർഗ കൃഷ്‌ണ
പ്രസവാനന്തരമുണ്ടായ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ദുർഗ കൃഷ്‌ണ. ഫേസ്‌ബുക്കിലൂടെയാണ് താരം വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പുറമേ നിന്ന് നോക്കുന്നവർക്ക് മനസിലാകാത്ത അത്രയും ആഴത്തിലുള്ള സങ്കടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രസവശേഷം ഭർത്താവിനെ നഷ്‌ടമായതായി തോന്നുന്നുവെന്നും ദുർഗ പറഞ്ഞു.
'ഞാൻ സൃഷ്‌ടിച്ച ജീവനോട് വല്ലാത്ത ഇഷ്‌ടമാണ്. പക്ഷേ, ഇപ്പോൾ അനുഭവിക്കുന്ന ഏകാന്തത എന്നെ വിഷാദത്തിലാക്കുന്നു. നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ ചേർത്തുപിടിക്കും. എന്നാൽ, നിങ്ങളെ ആര് ചേർത്തുപിടിക്കും? എനിക്കിത് ഉറക്കെ പറയണമെന്നുണ്ട്. എനിക്കെന്റെ ഭർത്താവിനെ നഷ്‌ടപ്പെട്ടതായും പകരം ഒരു കോ - പാരന്റിനെ മാത്രം ലഭിച്ചതായും തോന്നുന്നു. ഗർഭകാലത്ത് എന്നെ നോക്കിയിരുന്ന ആ വ്യക്തി എവിടെയോ മറഞ്ഞുപോയിരിക്കുന്നു. അദ്ദേഹത്തിനിപ്പോൾ കുഞ്ഞിനെ മാത്രമേ കാണാൻ കഴിയുന്നുള്ളു. ഞാൻ അദൃശ്യയായി മാറി.
എന്റെ ശേഷിക്കുന്ന കരുത്തുപയോഗിച്ച് ഞാൻ കുഞ്ഞിനെ പിടിച്ചിരിക്കുകയാണ്. പക്ഷേ, എന്നെ താങ്ങാൻ ആരുമില്ല. എന്റെ കൈകൾ വിറയ്‌ക്കുന്നു. എനിക്ക് വിവാഹജീവിതം തന്നെ നഷ്‌ടപ്പെട്ടതായി തോന്നുന്നു. ഇപ്പോഴുള്ള ഏകാന്തത എന്നെ വിഷാദത്തിലാക്കുന്നു' - ദുർഗ കൃഷ്‌ണ പറഞ്ഞു.
ദുർഗയുടെ ഈ പോസറ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. നടിയുടെ ഈ തുറന്നുപറച്ചിലിനെ പലരും അഭിനന്ദിച്ചു. ദുർഗ മാത്രമല്ല മറ്റ് പല സിനിമാ താരങ്ങളും പ്രസവ ശേഷം അനുഭവിക്കേണ്ടിവന്ന പോസ്റ്റ് പാർട്ടം ഡിപ്രഷനെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. 2021ലായിരുന്നു ദുർഗയുടെയും അർജുന്റെയും വിവാഹം. 2025ലാണ് ഇവർക്ക് പെൺകുഞ്ഞ് ജനിച്ചത്.