സ്വർണ്ണക്കവർച്ച: പ്രൊഫഷണൽ സംഘങ്ങൾക്ക് ഏജന്റുമാർ

Thursday 22 January 2026 12:01 AM IST

കോട്ടയം : ജില്ലയിൽ തുടർച്ചയായുണ്ടാകുന്ന വൻ സ്വർണ്ണക്കവർച്ചയ്ക്ക് പിന്നിൽ ആസൂത്രണത്തിനും, നിരീക്ഷണത്തിനും കൂട്ടാളികളുണ്ടെന്ന സംശയത്തിൽ പൊലീസ്. മാങ്ങാനത്ത് വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു കവർച്ചയെങ്കിൽ റബർ ബോർഡ് ക്വാർട്ടേഴ്സിൽ ആളില്ലാത്ത മുറികളിൽ മാത്രമാണ് മോഷണം നടന്നത്. മാങ്ങാനം കവർച്ചയിൽ നേരിട്ട് പങ്കെടുത്ത അന്യസംസ്ഥാനക്കാരായ പ്രതികളെ പിടികൂടിയെങ്കിലും കൂട്ടാളികളെ സംബന്ധിച്ച് മറ്റ് സാദ്ധ്യതകൾ പരിശോധിക്കാതിരുന്നത് വിനയായെന്നാണ് വിമർശനം. റബർ ബോർഡ് ക്വാർട്ടേഴ്സിൽ ഒരുമാസമെങ്കിലും നിരീക്ഷണം നടത്താതെ മോഷണം നടത്താനാകില്ല. സി.സി.ടി.വിയില്ലെന്ന ഗുണവും വിശാലമായ പറമ്പിന്റെ സാദ്ധ്യതയും മോഷ്ടാക്കൾ കണ്ടെത്തി. ഒന്നുകിൽ ക്വാർട്ടേഴ്സുമായി അടുത്തറിയാവുന്നവരുടെ സഹായം. അതല്ലെങ്കിൽ മോഷ്ടാക്കളുടെ കൂട്ടാളികൾ ജോലിക്കോ മറ്റ് രീതിയിലോ ഇവിടെയെത്തി കാര്യങ്ങൾ നിരീക്ഷിച്ചിരുന്നു.

ഉത്തേരന്ത്യൻ അധോലോകം

ഉത്തരേന്ത്യൻ മോഷ്ടാക്കൾ അധോലോക സംഘങ്ങളെന്നനാണ് പൊലീസ് പറയുന്നത്. ക്രിമിനലുകൾ മാത്രം താസമിക്കുന്ന ഗ്രാമങ്ങളിൽ കടന്ന് പ്രതികളെ പിടികൂടുകയെന്ന് സാഹസികമാണ്. മാങ്ങാനം മോഷണത്തിൽ പോലും മുഴുവൻ പ്രതികളെയും പിടികൂടാനായില്ല. ഭാഷയടക്കമുള്ള പ്രതിസന്ധികളുമുണ്ട്. മോഷ്ടിച്ച സ്വർണം കടത്താനും വിൽക്കാനും സഹായികളായി മറ്റ് സംഘങ്ങളുണ്ടോയെന്നതും സംശയിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കി.

പരിസര നിരീക്ഷണത്തിന് പ്രത്യേകസംഘം

മോഷണം നടക്കുമ്പോൾ പുറത്ത് വിവരങ്ങൾ അറിയിക്കാൻ ആളുകൾ

 നേരിട്ട് പങ്കെടുക്കുന്നവർക്ക് കായിക പരിശീലനം നൽകും

 സ്വർണ്ണം ഒളിപ്പിക്കാനും വിൽക്കാനും പ്രത്യേക സംഘങ്ങൾ

സ്വർണം ഉരുക്കിയെടുത്ത് രൂപമാറ്റം വരുത്താനുള്ള സാദ്ധ്യത

 മോഷണ ശേഷം പലവഴിക്ക് പിരിഞ്ഞ് പോകും

 ആഴ്ചകൾക്ക് ശേഷം പ്രത്യേക കേന്ദ്രത്തിൽ ഒന്നിക്കും