ദീപക് സംഭവം പാഠമാകണം, സാമൂഹ്യമാദ്ധ്യമ ഇടപെടലുകൾക്ക് വേണം അതിർവരമ്പ്

Thursday 22 January 2026 12:18 AM IST

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വീഡിയോ ദൃശ്യം പങ്കുവച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം സാമൂഹ്യമാദ്ധ്യമങ്ങളുടെ ഇടപെടലുകൾക്ക് നേരെ സമൂഹം ചോദ്യം ചെയ്യുന്ന

സാഹചര്യമുണ്ടാക്കി കഴിഞ്ഞു. സംഭവത്തിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. റീച്ച് കിട്ടാൻ വേണ്ടി യൂട്യൂബർമാരും ഇൻഫ്ലുവൻസർമാരും ഇതൊന്നുമല്ലാത്തവരും എല്ലായിടങ്ങളിലും തിരഞ്ഞുകൊണ്ടിരിക്കുന്ന കാലമാണിത്. സത്യവും അർദ്ധസത്യങ്ങളും കള്ളവുമെല്ലാം സാമൂഹ്യമാദ്ധ്യമങ്ങളിലെത്തുമ്പോൾ അതിന് ചിലപ്പോൾ യാഥാർത്ഥ്യങ്ങളുമായി ഒരു ബന്ധവുമുണ്ടായെന്ന് വരില്ല. ഒരു സ്മാർട്ട് ഫോൺ കയ്യിലുള്ള എല്ലാവരും മാദ്ധ്യമപ്രവർത്തകരാവുന്ന കാലമാണിത്. അതിന്റെ ഗുണങ്ങൾ ഏറെയുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ,​ വ്യവസ്ഥാപിത മാദ്ധ്യമങ്ങളിൽ വാർത്തകൾ എഡിറ്റ് ചെയ്യാനുള്ള ഒരു സംവിധാനമുണ്ട്. നെല്ലും പതിരും തിരിഞ്ഞെടുക്കാനുള്ള സംവിധാനവുമുണ്ട്. എന്നാൽ പലപ്പോഴും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയുള്ള മാദ്ധ്യമപ്രവർത്തനങ്ങളിൽ അത് കാണാനില്ല. ഇവിടെ വ്യക്തികളുടെ സ്വകാര്യതയോ കൃത്യമായ ഫാക്ട് ചെക്കോ നടക്കാറില്ല. പൊതുമദ്ധ്യത്തിൽ ആൾക്കൂട്ട വിചാരണ നടക്കുകയും ചെയ്യും. ഇങ്ങനെ ഒരു സാഹചര്യമാണ് ഗോവിന്ദപുരം, കൊളങ്ങരകണ്ടി, ഉള്ളാട്ട്തൊടി യു.ദീപക്കിന്റെ (42) മരണത്തിൽ കലാശിച്ചത്. പയ്യന്നൂരിൽ സ്വകാര്യ ബസ് യാത്രക്കിടെ ശരീരത്തിൽ സ്പർശിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. ബസിൽ വച്ച് യുവതി ചിത്രീകരിച്ച വീഡിയോ പിന്നീട് സാമൂഹ്യമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 23 ലക്ഷത്തിലേറെ പേർ വീഡിയോ കാണുകയും നിരവധി പേർ വീഡിയോ പങ്കുവെക്കുകയും ചെയ്തു. ഇതോടെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. വിഷയം സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച വൈകിട്ട് മുറിയിൽ കയറിയ ദീപക്കിനെ രാവിലെ കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് ആത്മഹത്യ ചെയ്തതറിയുന്നത്. തുടർന്ന് മെഡിക്കൽ കോളജ് പൊലിസിൽ വിവരമറിയിച്ചു. പൊലിസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയും പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു. അതേസമയം വസ്തുതാവിരുദ്ധമായ പ്രചാരണമാണ് യുവതി സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതിൽ ദീപക് കടുത്ത മാനസിക സമ്മർദ്ധത്തിലായിരുന്നതായും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. വസ്ത്ര വ്യാപാരശാലയുടെ സെയിൽസ്മാനായ ദീപക് കഴിഞ്ഞ വെള്ളിയാഴ്ച പയ്യന്നൂർ റെയിൽവേസ്റ്റേഷനിൽ നിന്ന് ബസിൽ പോകവെയാണ് സംഭവം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളജ് പൊലിസ് കേസെടുത്തു. വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. അതേസമയം സംഭവത്തെ കുറിച്ച് വടകര പൊലിസിൽ അറിയിച്ചിരുന്നതായി യുവതി പറഞ്ഞു. എന്നാൽ അങ്ങനൊരു പരാതി കിട്ടിയിട്ടില്ലെന്ന് വടകര പൊലീസ് അറിയിച്ചു.

കേസെടുത്തതോടെ ഒളിവിലായ യുവതിയെ വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയായ ഷിംജിത മുസ്തഫ വിദേശത്തേക്ക് കടന്നോയെന്ന സംശയം പൊലീസിനുണ്ട്. യുവതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഷിംജിത ദൃശ്യങ്ങൾ പകർത്തിയ സ്വകാര്യ ബസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. എന്നാൽ ഇതിൽ ദീപക്കിൻറെയും ഷിംജിതയുടേയും ദൃശ്യങ്ങൾ വ്യക്തമല്ല. യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ദൃശ്യത്തിൻറെ പൂർണ ഭാഗം വീണ്ടെടുക്കാനും പൊലീസ് ശ്രമം തുടങ്ങി. ഇത് എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണോയെന്ന് പൊലീസ് സംശയിക്കുന്നു. ഇതിനായി യുവതിയുടെ ഫോൺ പരിശോധിക്കും. യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ സൈബർ പൊലീസിൻറെ സഹായത്തോടെ പരിശോധിക്കും. പ്രതിഷേധം ശക്തമായതോടെ ഈ ദൃശ്യങ്ങൾ യുവതി ഡിലീറ്റ് ചെയ്തിരുന്നു. കേസിൽ നിർണായകമാവുക ഈ ദൃശ്യങ്ങളാണെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ബസിൽ കയറിയത് മുതലുള്ള ദൃശ്യങ്ങൾ വിശദമായി പരിശോധിക്കാനാണ് മെഡിക്കൽ കോളേജ് പൊലീസിൻറെ നീക്കം. ബസിൽ ആ സമയത്ത് യാത്ര ചെയ്തവരുടേയും ബസ് ജീവനക്കാരുടേയും മൊഴിയെടുക്കും. യുവതിക്കെതിരേ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും രൂക്ഷവിമർശനം ഉയർന്നു. യുവതി പകർത്തിയ ദൃശ്യങ്ങളിൽ ചില രംഗങ്ങൾ മാത്രമാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. ഇതിൽ എഡിറ്റിംഗ് നടന്നിട്ടുണ്ടോയെന്നതും മറ്റും വിശദമായി പരിശോധിക്കുന്നതിന് ഫോൺ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം. യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

യുവതിയുടെ ഇത്തരത്തിലുള്ള അപക്വമായ സമീപനം യഥാർത്ഥ ലൈംഗികാതിക്രമങ്ങളെ വെള്ളപൂശാൻ കാരണമാവരുത്. പൊതു ഇടങ്ങളിൽ മോശം അനുഭവമുണ്ടായാൽ സ്ത്രീകൾക്ക് പ്രതികരിക്കാനുള്ള സാഹചര്യം നമ്മുടെ നാട്ടിലുണ്ടാവണം. സമൂഹം സ്ത്രീകളുടെ കൂടെ നിൽക്കുകയും വേണം. പക്ഷെ, അത് സോഷ്യൽമീഡിയയിൽ റീച്ച് കൂട്ടാനുള്ള ഏർപ്പാടായി മാറരുത്.