ന്യൂസിലാൻഡുമായുള്ള മത്സരത്തിന് മുൻപ് കൊഹ്‌ലി ദർശനം നടത്തിയ ക്ഷേത്രം, ഭയത്തിൽ നിന്ന് രക്ഷിക്കുന്ന ദേവൻ പ്രതിഷ്‌ഠ
സമകാലിക ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം വിരാട് കൊഹ്‌ലി മനഃശാന്തിക്കായി വന്ന് പ്രാർത്ഥിച്ച ക്ഷേത്രം. കൊഹ്ലി മാത്രമല്ല ഇവിടെ പതിവായി വരുന്ന മറ്റ് ക്രിക്കറ്റ് താരങ്ങളുമുണ്ട്. കെ എൽ രാഹുൽ, കുൽദീപ് യാദവ് എന്നീ സഹതാരങ്ങളും ഇവിടെ വരാറുണ്ട്. ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറും ഇവിടെ ദർശനം നടത്തിയിട്ടുണ്ട്. ഇവർക്ക് പുറമേ നിരവധി ബോളിവുഡ് താരങ്ങളും ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകരാണ്. ഈ പ്രശസ്‌തരെല്ലാം സന്ദർശിക്കുന്നത് ഭാരതത്തിലെ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഉജ്ജയിൻ മഹാകാലേശ്വര ക്ഷേത്രത്തിലാണ്.
മൂന്ന് നിലകളിലായി പരമശിവന്റെ മൂന്ന് സങ്കൽപങ്ങളിലുള്ള പ്രതിഷ്‌ഠയാണ് ഇവിടെയുള്ളത്. ഏറ്റവും താഴെയാണ് മഹാകാല ജ്യോതിർലിംഗ പ്രതിഷ്‌ഠ. രണ്ടാം നിലയിൽ ഓംകാരേശ്വര ശിവപ്രതിഷ്‌ഠയാണ്. മൂന്നാം നിലയിൽ നാഗചന്ദ്രേശ്വര പ്രതിഷ്‌ഠയാണ്. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഇവിടെ ദക്ഷിണദിക്കിലേക്ക് അഭിമുഖമായാണ് പ്രതിഷ്‌ഠ. കാലത്തെയും മരണത്തെയും നിയന്ത്രിക്കുന്ന ദേവനാണ് ഇവിടെ മഹാദേവൻ എന്ന മഹാ സങ്കൽപമാണുള്ളത്.
ക്ഷേത്രത്തിലെ പൂജകൾ തന്നെ പ്രത്യേകതകളാർന്നതാണ്. രാവിലെ ഭസ്‌മ ആരതിയാണ്. ചിതാഭസ്‌മമാണ് ഭഗവാന് ഈ സമയം ചാർത്തുന്നത്. ബുദ്ധിമുട്ടുകളുമായി ഇവിടെ തൊഴാനെത്തുന്ന ഭക്തർക്ക് ഏറ്റവും വലിയ ജീവിതസത്യമാണ ്ഇതിലൂടെ ഓർമ്മിപ്പിക്കുന്നത്. ഏത് വമ്പനും ഒരുനാൾ കേവലം ഭസ്‌മമാണെന്നും അതിനാൽ ജീവിതത്തിൽ മുന്നേറാനുമാണ് ഭക്തനോട് പറയുന്നത്. ഇതുവഴി ജീവിതാശങ്കകളും ഭയവും ഒഴിയും.
ഈ ക്ഷേത്രം ഇവിടെ സ്ഥാപിക്കപ്പെടാനിടയായ കഥ പുരാണങ്ങളിൽ ഇങ്ങനെയാണ്. ദൂഷണൻ എന്ന അസുരൻ ഉജ്ജയിനിയിൽ വലിയ നാശങ്ങൾ വരുത്തി. ഇതോടെ ജനങ്ങൾ പരമശിവനെ പ്രാർത്ഥിച്ചു. ഭഗവാൻ ജ്യോതിസ്വരൂപനായി പ്രത്യക്ഷപ്പെട്ട് അസുരനെ നിഗ്രഹിച്ചു. പിന്നീട് ജനങ്ങളുടെ ആവശ്യപ്രകാരം ഇവിടെ ജ്യോതിർലിംഗമായി നിലകൊണ്ടു. ജീവിതത്തിന്റെ അനിശ്ചിതാവസ്ഥയിൽ കോടാനുകോടി ജനങ്ങൾക്ക് അഭയമാണ് ഇന്നും ഉജ്ജയിനിലെ മഹാകാലേശ്വരൻ.