ഇരുനില വീടിന് തീപിടിച്ചു : 60 ലക്ഷം രൂപയുടെ നാശം
Thursday 22 January 2026 12:26 AM IST
കോട്ടയം : മാന്നാനം കുട്ടിപ്പടി കൊട്ടാരം റോഡിൽ ചാമക്കാലയിൽ ഷാജി ജോസിന്റെ ഇരുനില വീടിന് തീപിടിച്ച് 60 ലക്ഷം രൂപയുടെ നാശം. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. ഈ സമയം ഷാജിയും ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല. അതിനാൽ വൻഅപകടം ഒഴിവായി. ഉടൻ നാട്ടുകാർ ചേർന്ന് വെള്ളമൊഴിച്ചു തീയണയ്ക്കാൻ ശ്രമിച്ചു. പിന്നീട് കോട്ടയത്ത് നിന്ന് അഗ്നിശമനസേനയെത്തിയാണ് തീ പൂർണമായും അണച്ചത്. താഴത്തെ നിലയിലെ നാലു മുറികളും കത്തിനശിച്ചു. ടി.വി, എ.സി, സോഫ അടക്കം നശിച്ചു. മുറികളിൽ ഏർപ്പെടുത്തിരുന്ന ഇന്റീരിയർ ഡിസൈനിംഗും കത്തിച്ചാമ്പലായി. വീടിന്റെ മുകൾ നിലയിലും പുകപടലങ്ങൾ കയറി മുറികളും ഭിത്തികളും കരിപിടിച്ച നിലയിലാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.