വിസ്മയയുടെ തുടക്കം ഓണത്തിന്, പുതിയ പോസ്റ്ററിലും മോഹൻലാൽ
വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന തുടക്കം ഓണം റിലീസായി പ്രദർശനത്തിന് എത്തും. തുടക്കത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ ഫസ്റ്റ് ലുക്കിനേക്കാൾ തരംഗമാകുന്നു. വിസ്മയ മോഹൻലാലിനെ നോക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം.പുതിയ പോസ്റ്ററിൽ വിസ്മയയുടെ മുമ്പിൽ മോഹൻലാലും പിന്നിൽനിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയുമാണ്, മോഹൻലാലിന്റെ മുഖം വ്യക്തമല്ല. നിസഹായ ഭാവത്തോടെ നോക്കുന്ന വിസ്മയയ്ക്ക് പുറകിൽ രൂക്ഷ ഭാവത്തോടെ ആശിഷ് . ആശിഷ് പ്രതിനായകനായി എത്തുന്നു എന്നാണ് സൂചന.
മലയാള സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഉറ്റുനോക്കുകയാണ് സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ മകളുടെ ചലച്ചിത്ര പ്രവേശം.
മുൻകാലങ്ങളിൽ ഓണത്തിന് ആരാധകർക്ക് ആവേശം പകരാൻ മോഹൻലാൽ എത്തുന്നതായിരുന്നു പതിവ്. ഇക്കുറി അതിഥി വേഷത്തിൽ തുടക്കത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നു. ഒാണം റിലീസായി എത്തുന്ന പൃഥ്വിരാജ് ചിത്രം ഖലീഫയിലും മോഹൻലാൽ അതിഥി വേഷത്തിലുണ്ട്.
2018 എന്ന ബ്ളോക് ബസ്റ്ററിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന 37-ാമത് ചിത്രമാണ് . ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു.
സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ.