വിവാഹത്തിന് തടസ്സം നിന്നു, കല്‍പ്പറ്റയില്‍ കാമുകന്റെ അമ്മയെ കറിക്കത്തിക്ക് കുത്തി യുവതി

Wednesday 21 January 2026 8:34 PM IST

വയനാട്: വിവാഹത്തിന് തടസ്സം നിന്ന കാമുകന്റെ മാതാവിനെ കറിക്കത്തിക്ക് കുത്തി യുവതി. 19കാരിയായ യുവതി തന്റെ കാമുകന്റെ അമ്മയുടെ മുഖത്താണ് കത്തി കൊണ്ട് കുത്തിയത്. വയനാട് കല്‍പറ്റയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ പൊഴുതന സ്വദേശി നുസ്രത്തിനാണ് (45) കുത്തേറ്റത്.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. നുസ്രത്ത് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ എത്തിയ തീര്‍ത്ഥ എന്ന യുവതി പഴയ വൈത്തിരി സ്വദേശിയാണ്. കടയ്ക്കുള്ളില്‍ പ്രവേശിച്ച ശേഷം കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നുസ്രത്തിന്റെ മുഖത്ത് കുത്തുകയായിരുന്നു. നുസ്രത്തിന്റെ മകന്റെ കാമുകിയാണ് പെണ്‍കുട്ടിയെന്നാണ് പ്രാഥമിക വിവരം. ഇരുവരും തമ്മിലുള്ള വിവാഹത്തെ നുസ്രത്ത് എതിര്‍ത്തതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് വിവരം.

യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ നുസ്രത്തിനെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ മുഖത്ത് കത്തി കൊണ്ടു കുത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.