'കാപ്പ' കർശനമാക്കി; പാലക്കാട് 61 പേർ കരുതൽ തടങ്കലിൽ

Thursday 22 January 2026 1:48 AM IST
crime

പാലക്കാട്: സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ പാലക്കാട് ജില്ലയിൽ കേരളാ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (കാപ്പ) പ്രകാരമുള്ള നടപടികൾ ശക്തമാക്കിയതായി ജില്ലാ പൊലീസ് മേധാവി അജിത് കുമാർ അറിയിച്ചു. 2007ലെ കാപ്പ നിയമപ്രകാരം വിവിധ വകുപ്പുകളിലായി ആകെ 213 ശുപാർശകളാണ് ജില്ലയിൽ നിന്ന് സമർപ്പിച്ചിട്ടുള്ളത്. ഇതിൽ പൊലീസ് മേധാവി നൽകിയ 98 ശുപാർശകളിൽ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം 61 പ്രതികളെ 2025ൽ കരുതൽ തടങ്കലിലാക്കി. ലഹരിക്കടത്ത്, ഹൈവേ കവർച്ച, കൊലപാതകശ്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കെതിരെയാണ് നടപടി. കരുതൽ തടങ്കലിലായവരിൽ 19 പേർ രാസലഹരിയും കഞ്ചാവും കടത്തിയ കേസുകളിലെ പ്രതികളാണ്. കൂടാതെ എട്ടുപേർ ഹൈവേ കവർച്ചാ കേസുകളിലും, നാലുപേർ കൊലപാതകക്കേസുകളിലും, മൂന്നുപേർ വധശ്രമക്കേസുകളിലും ഉൾപ്പെട്ടവരാണ്. നിലവിൽ 34 പേർ തൃശ്ശൂരിലെ അതീവ സുരക്ഷാ ജയിലിൽ തടങ്കലിലാണ്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകളെയും കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. കരുതൽ തടങ്കലിന് പുറമെ തൃശ്ശൂർ റേഞ്ച് ഡി.ഐ.ജിക്ക് സമർപ്പിച്ച 115 ശുപാർശകളിൽ 103 പേർക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള സഞ്ചാര നിയന്ത്രണ നടപടികൾ സ്വീകരിച്ചു. ഇതിൽ 24 പേർക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് നിലവിൽ വിലക്കുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ചതിന് 18 കേസുകൾ രജിസ്റ്റർ ചെയ്യുകയും 17 പേരെ ജയിലിലടയ്ക്കുകയും ചെയ്തു. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ കർശനമായ തുടർനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി മുന്നറിയിപ്പ് നൽകി.