വിവാദ പരാമർശം: ഖേദ പ്രകടനവുമായി മന്ത്രി സജി ചെറിയാൻ

Thursday 22 January 2026 1:56 AM IST

തിരുവനന്തപുരം: സി.പി.എം സമ്മർദ്ദത്തെ തുടർന്ന് വിവാദ പരാമർശം പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. മാദ്ധ്യമങ്ങൾക്കയച്ച വാർത്താക്കുറിപ്പിലാണിത്. ഇതോടെ വിവാദം അവസാനിച്ചെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി. തന്റെ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞെന്ന നിലയിൽ നടത്തുന്ന പ്രചാരണം വേദനിപ്പിച്ചെന്നും മന്ത്രി പറഞ്ഞു.

ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയുമായുള്ള യു.ഡി.എഫ് കൂട്ടുകെട്ട് എൽ.ഡി.എഫ് തിരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണമാക്കിയിരുന്നു. ഇതിനിടയിലാണ് മലപ്പുറത്തെയും കാസർകോട്ടെയും ജനപ്രതിനിധികളുടെ മതം സംബന്ധിച്ച വിവാദ പരാമർശം സജി നടത്തിയത്. പരാമർശം വർഗീയമാണെന്ന് പ്രതിപക്ഷം ആരോപിച്ചതോടെ, ഇടതുമുന്നണി പ്രതിരോധത്തിലായി. വർഗീയ പരാമർശം ആരു നടത്തിയാലും അതിനോട് യോജിപ്പില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി. പരാമർശം വിവാദമായിട്ടും മന്ത്രി അതിനെ ന്യായീകരിച്ചത് കാര്യങ്ങൾ കൂടുതൽ വഷളാക്കിയെന്നും പാർട്ടി വിലയിരുത്തിയിരുന്നു.