ആറളത്തെ മനുഷ്യ-വന്യജീവി സംഘർഷം: ചതിരൂർ -വാളത്തോട് ഭാഗത്ത് തൂക്കുവേലി സ്ഥാപിക്കും

Wednesday 21 January 2026 10:09 PM IST

ഇരിട്ടി:ആറളം ഗ്രാമപഞ്ചായത്ത് പരിധിയിലെ വന്യമൃഗ ശല്യം ലഘൂകരിക്കുന്നതിനായി ചതിരൂർ- നീലായി- വാളത്തോട് ഭാഗത്ത് പുതിയ തൂക്കുവേലി സ്ഥാപിക്കും. ജനജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ആറളം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന വനം വകുപ്പ് ഏകദിന ശില്പശാലയിലാണ് തീരുമാനം. ഇതിന് പുറമെ സോളാർ ഫെൻസിംഗ് ലൈനുകൾ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കാനും തീരുമാനിച്ചു.

ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ തുരത്തുന്ന ഗജമുക്തി ഓപ്പറേഷൻ തുടരുന്നതിനും ശില്പശാലയിൽ തീരുമാനിച്ചു. ചതിരൂർ, വാളത്തോട്, നീലായി തുടങ്ങിയ പ്രദേശങ്ങളിൽ പ്രൈമറി റെസ്പോൺസ് ടീമുകൾ രൂപീകരിക്കാനും ശില്പശാല തീരുമാനിച്ചു.

ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിമ്മി അന്തിനാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ശില്പശാല ആറളം വൈൽഡ് ലൈഫ് വാർഡൻ വി.രതീശൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ . റൈഹാനത്ത് സുബി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.ജോർജ് ,​ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിത മാവില, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷിജി നടുപറമ്പിൽ,ടി.പി.മാർഗരറ്റ് ,​മെമ്പർമാരായ ഷഹീർ മാസ്റ്റർ, . വത്സ ജോസ്, കെ.കെ.സബിത ,​സുജാത, കെ.കെ.ജാബിദ ,​എം.ഷിഹാബുദ്ദീൻ ,​സുമ ദിനേശൻ, റോസമ്മ മാത്യു, പി.എം.സുധിന ,​ വസന്ത മോഹനൻ, കൊട്ടിയൂർ റേഞ്ച് ഓഫീസർ നിതിൻ രാജ്, കൃഷി ഓഫീസർ ടി.ആർ.രാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു.ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ പദ്ധതികൾ വിവരിച്ചു.

പരാതികൾ കേൾക്കാൻ ലയ്സൺ ഓഫീസർ

പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന വനം,​വന്യജീവി സംബന്ധമായ സംശയങ്ങൾ, പരാതികൾ എന്നിവയിൽ തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ വനംവകുപ്പിൽ നിന്നും ആറളം സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ജിത്തു പൂവൻ, കീഴ്പ്പള്ളി സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആയ. അനൂപ് എന്നിവരെ ലൈസൺ ഓഫീസർമാരായി തിരഞ്ഞെടുത്തു.