50 അംഗ സംഘത്തിന് കെെയടി, തെറ്റിക്കൊമ്പൻ ദൗത്യം പൂർണവിജയം
- മയക്കുവെടി വച്ച് ചികിത്സ നൽകി
വടക്കാഞ്ചേരി: വാഴാനിഡാം റിസർവോയറിന് സമീപം ചാരായക്കുണ്ട് മേഖലയിൽ മുൻകാലിൽ പരിക്കുകളോടെ കണ്ടെത്തിയ തെറ്റിക്കൊമ്പനെ രക്ഷിക്കാനുള്ള ദൗത്യം പൂർണവിജയം. ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ, ഡി.എഫ്.ഒ രഞ്ജിത്ത് എന്നിവരടങ്ങുന്ന അമ്പതംഗ സംഘമാണ് ദൗത്യത്തിന് ചുക്കാൻ പിടിച്ചത്. 25 വയസുള്ള കൊമ്പൻ വനാതിർത്തിയിൽ അതീവ ഗുരുതരാവസ്ഥയിൽ നിലകൊള്ളുന്ന വിവരവും അത് നാട്ടുകാർ തെറ്റിക്കൊമ്പനെന്ന് വിളിപ്പേരിട്ട ആനയാണെന്നും പുറംലോകത്തെ ആദ്യം അറിയിച്ചത് കേരളകൗമുദിയാണ്. തുടർന്ന് അധികൃതർ ഉണർന്നു. പീച്ചി വന്യജീവി സങ്കേതത്തിലെ അസി. വൈൽഡ് ലൈഫ് വാർഡൻ ടി.എൻ.രാജേഷ്, ഓഫീസർമാരായ എൻ.എ.ബാബു, കെ.എസ്.ബിനു, ജെ.എസ്.ജോമോൻ, കെ.ആർ.ജിനോ എന്നിവർ ആനയെ നിരീക്ഷിച്ച് റിപ്പോർട്ട് നൽകി. ചൊവ്വാഴ്ച വെറ്ററിനറി ഡോക്ടർമാർ സ്ഥലത്തെത്തി വിദഗ്ദ്ധ ചികിത്സ ശുപാർശ ചെയ്തു.
കാടുകയറിയത് അമ്പതംഗ സംഘം
ഇന്നലെ രാവിലെ ഏഴിന് രക്ഷാപ്രവർത്തനം ആരംഭിച്ചു. അരുൺ സക്കറിയ, അനുമോദ്, ബിനോയ് സി.ബാബു, ഡേവിഡ് അബ്രഹാം എന്നിവരേടൊപ്പം വയനാട് ബത്തേരി, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള ആർ.ആർ.ടി സംഘവും വനപാലകരും ഉൾപ്പെടെ അമ്പതംഗ സംഘം കാടുകയറി. രണ്ട് മണ്ണുമാന്തി യന്ത്രങ്ങളും ആധുനിക സൗകര്യങ്ങളുള്ള വാഹനങ്ങളും തെക്കുംകര പഞ്ചായത്തിന്റെ ആംബുലൻസും സ്ഥലത്തെത്തി. പഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് ഇ.എൻ.ശശി എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
ചികിത്സ ലഭിച്ചതോടെ കൊമ്പൻ ആരോഗ്യം വീണ്ടെടുത്തു. ശരീരത്തിലെ പഴുപ്പ് പൂർണമായും നീക്കി. മറ്റ് കൊമ്പൻമാരുമായി നടന്ന ഏറ്റമുട്ടലിലാണ് പരിക്കേറ്റതെന്നാണ് വിലയിരുത്തൽ. തുടർചികിത്സ ആവശ്യമായി വരില്ല. മൂന്നാഴ്ചക്കാലം കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കും.
-രഞ്ജിത് (ഡി.എഫ്.ഒ).