കുപ്പത്ത് ദേശീയപാതയ്ക്കരികെ വീണ്ടും മണ്ണിടിച്ചിൽ പാർശ്വഭിത്തി തകർത്ത് പാറക്കൂട്ടങ്ങൾ നിലംപതിച്ചു
തളിപ്പറമ്പ് : ദേശിയ പാത വികസനത്തിന്റെ ഭാഗമായി മണ്ണെടുത്തുകൊണ്ടിരിക്കെ കുപ്പം കപ്പണതട്ട് എ ബി സി ഹൗസ് വളവിൽ റോഡിന്റെ പാർശ്വഭിത്തി തകർത്തു കൊണ്ട് വൻ പാറക്കൂട്ടങ്ങൾ നിലം പതിച്ചു. മൂന്ന് ജെ.സി.ബി സഹിതം ജോലി ചെയ്തിരുന്ന ഇരുപതോളം തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് പാറക്കല്ലുകൾ ഇടിഞ്ഞതെന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്. താഴെയുള്ള ഫൗണ്ടേഷൻ കുഴികളിലാണ് പാറകൾ പതിച്ചത്. ഏതുസമയത്തും അപകടം സംഭവിക്കാവുന്ന നിലയിലാണ് ഈ ഭാഗമുള്ളത്.വളവിലുള്ള എ.ബി.സി ബിൽഡിംഗിനും ഭീഷണിയുണ്ട്. അശാസ്ത്രീയമാണെന്ന് ആരോപിച്ച് നാട്ടുകാർ നിർമ്മാണത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ജനങ്ങളുടെ ജീവന് ഭീഷണിയാകുമെന്നതിനാൽ രാത്രികാലങ്ങളിൽ പണി നിർത്തണമെന്ന് അവർ പറഞ്ഞു.ഇതെ ചൊല്ലി നാട്ടുകാരും പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും രൂക്ഷമായ തർക്കവും നടന്നു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട്,പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ബാലകൃഷ്ണൻ,തളിപ്പറമ്പ് തഹസിൽദാർ സജീവൻ,പഞ്ചായത്ത് മെമ്പർ പ്രേമരാജൻ, പരിയാരം മെഡിക്കൽ കോളേജ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.