കുടുംബ വാട്സ് ആപ്പ് ഗ്രൂപ്പിൽ ആത്മഹത്യാക്കുറിപ്പ്, അമ്മയും മകളും മരിച്ചത് സയനൈഡ് കഴിച്ച്
തിരുവനന്തപുരം : പൂന്തുറയിൽ അമ്മയെയും മകളെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.ആര്യൻകുഴി ശാന്തി ഗാർഡൻസ് രണ്ടാം തെരുവ് എസ്.ജി.ആർ.എ 42എയിൽ ഗ്രീഷ്മ (30),മാതാവ് സജിതാരാജ് (55) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബ വാട്സ് ആപ്പ് ഗ്രൂപ്പിൽ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്തതിനുശേഷമാണ് ഇരുവരും ജീവനൊടുക്കിയത്. ഗ്രീഷ്മയുടെ ഭർത്താവിന്റെ മാനസിക പീഡനമാണ് കാരണമെന്ന് കുറിപ്പിൽ പറയുന്നു.സയനൈഡ് കഴിച്ചാണ് മരണമെന്നാണ് പൊലീസിന്റെ നിഗമനം.
ഗ്രീഷ്മയുടെ വിവാഹം 6 വർഷം മുൻപ്, പഴഞ്ചിറ സ്വദേശിയായ ഉണ്ണിക്കൃഷ്ണനുമായി നടന്നിരുന്നു. 29 ദിവസം മാത്രമാണ് ദാമ്പത്യബന്ധം നീണ്ടത്. കഴിഞ്ഞ ദിവസം ഉണ്ണിക്കൃഷ്ണന്റെ ബന്ധു മരിച്ചതിനെ തുടർന്ന് ഗ്രീഷ്മയും മാതാവും സ്ഥലത്തെത്തുകയും, ഉണ്ണിക്കൃഷ്ണനുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഉണ്ണിക്കൃഷ്ണൻ മോശമായി സംസാരിച്ചതിനെ തുടർന്ന് സജിതാരാജ് സംഭവസ്ഥലത്തുവച്ച് ബോധരഹിതയായി വീണിരുന്നു. ഇതിലുണ്ടായ മനോവിഷമം മൂലമാണ് അമ്മയും മകളും ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. തങ്ങളുടെ മരണത്തിന് ഉത്തരവാദി ഉണ്ണിക്കൃഷ്ണനാണെന്ന് ആത്മഹത്യാക്കുറിപ്പിലും എഴുതിയിട്ടുണ്ട്.
തങ്ങളുടെ പേരിലുള്ള വീടും വാഹനവും വസ്തുക്കളും ബന്ധുക്കൾക്ക് നൽകണമെന്നും കുറിപ്പിൽ എഴുതിച്ചേർത്തിട്ടുണ്ട്. മാസങ്ങൾക്ക് മുൻപാണ് ഗ്രീഷ്മയുടെ പിതാവ് അഗ്രിക്കൾച്ചറൽ ഡയറക്ടറായിരുന്ന രാജീവ് ഹൃദ്റോഗംമൂലം മരിച്ചത്.പൂന്തുറ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.