ശബരിമല സ്വർണക്കൊള്ള പരിഹാരമില്ലാത്ത പാപം, പ്രതികളെ വിട്ടയച്ചാൽ അട്ടിമറി സാദ്ധ്യത

Thursday 22 January 2026 1:57 AM IST

കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ള പരിഹാരമില്ലാത്ത പാപകർമ്മമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ''പഞ്ചാഗ്‌നി മദ്ധ്യേ തപസ് ചെയ്താലുമീ പാപകർമ്മത്തിൻ പ്രതിക്രിയയാകുമോ..." എന്ന ചലച്ചിത്രഗാനം ഉദ്ധരിച്ചാണ് കോടതി വിധി പറഞ്ഞത്. പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കുമ്പോൾ, ജാതിമത ഭേദമന്യേ ആരും ഈ ഗാനം മൂളിപ്പോകുമെന്നും കോടതി പറഞ്ഞു.

ശബരിമലയിൽ സമർപ്പിക്കുന്ന ചെറിയ വസ്തുക്കൾക്കുപോലും വിലമതിക്കാനാവാത്ത മൂല്യമുണ്ട്. അത് കൈക്കലാക്കാൻ ആഗ്രഹിക്കുന്നവരുടെ താത്പര്യമനുസരിച്ച് മോഹവിലയിലേക്ക് മൂല്യം ഉയരാം. അതുകൊണ്ട് സാധാരണ കേസിലെന്നപോലെ ജാമ്യം നൽകാനാവില്ല. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബു, ജുവലറി ഉടമ ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ തള്ളിയത്.

ഏതെങ്കിലും കേസിൽ നിശ്ചിത സമയത്തിനകം കുറ്റപത്രം സമർപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടാൽ മുരാരി ബാബുവിന് ജാമ്യത്തിന് അർഹതയുണ്ടായിരിക്കുമെന്നും അങ്ങനെയൊരു ജാമ്യത്തിനായി സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം,​ അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയതോടെയാണ് ദേവസ്വം ബോർഡംഗങ്ങൾ മുതൽ തന്ത്രി വരെയുള്ളവരെ കേസിൽ പ്രതിയാക്കിയതെന്നതും കോടതി നിരീക്ഷിച്ചു.

സ്വർണം വീണ്ടെടുക്കണം

നഷ്ടപ്പെട്ട സ്വർണം പൂർണമായും വീണ്ടെടുക്കണം. ദേവന്റെ സ്വത്ത് സംരക്ഷിക്കേണ്ടവർ തന്നെ കൊള്ളയടിച്ചത് അതീവ ഗുരുതര കുറ്റകൃത്യമാണ്. ദ്വാരകപാലക ശില്പങ്ങൾ കടത്തിയ കേസിലും സ്വർണപ്പാളി കവർച്ചക്കേസിലും ഇവരുടെ പങ്ക് വ്യക്തമാണ്. സ്വർണത്തിന്റെ വലിയൊരു ഭാഗം വീണ്ടെടുക്കാനുള്ളതിനാൽ അന്വേഷണം പാതിവഴിയിലാണ്. പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.

ഒരുമിച്ച് ചോദ്യം ചെയ്യണം ബോർഡ് അംഗങ്ങളായിരുന്ന വിജയകുമാറിനെയും കെ.പി.ശങ്കരദാസിനെയും അടുത്തിടെയാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണങ്ങൾ നടക്കുന്ന ഘട്ടത്തിൽ എല്ലാവരെയും ഒരുമിച്ച് ചോദ്യം ചെയ്യേണ്ടതിനാൽ ജാമ്യം നൽകുന്നത് കേസിനെ ബാധിക്കും. മുൻ എം.എൽ.എ എന്ന നിലയിലും അതീവ സ്വാധീനമുള്ളയാളാണ് പത്മകുമാർ. വിട്ടയച്ചാൽ സ്വർണം കണ്ടെടുക്കാനും കൂടുതൽ പ്രതികളെ പിടികൂടാനുമുള്ള ശ്രമങ്ങളെ തടസപ്പെടുത്തുമെന്നും കോടതി പറഞ്ഞു. ഗോവർദ്ധനും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും സ്മാർട്ട് ക്രിയേഷൻസിലെ പങ്കജ് ഭണ്ഡാരിയും ഇടപാടിൽ നേരിട്ടു പങ്കാളികളാണ്. ബാക്കി സ്വർണം എവിടെയെന്നു കണ്ടെത്തേണ്ടതിനാൽ ഗോവർദ്ധൻ കസ്റ്റഡിയിൽ തുടരേണ്ടത് ആവശ്യമാണ്. പൊലീസ് റിപ്പോർട്ടിലും ഇതു ശരിവയ്‌ക്കുന്നതായി കോടതി വ്യക്തമാക്കി.

സംരക്ഷകർ കൊള്ളക്കാരായി ജാമ്യം അനുവദിക്കുകയെന്നത് പൊതുവായ നിയമവും അത് നിഷേധിക്കുന്നത് അസാധാരണവുമാണ്. ആരാണ് പ്രതികൾ, ആരുടെ സ്വത്താണ് കൊള്ളയടിച്ചത്, കുറ്റകൃത്യത്തിന്റെ ഗൗരവം, ചെയ്ത രീതി, അത് സമൂഹത്തിലുണ്ടാക്കുന്ന ആഘാതം തുടങ്ങിയവ പരിഗണിക്കുമ്പോൾ ഈ കേസിൽ പൊതുനിയമം ബാധകമല്ല. സമാനതകളില്ലാത്ത കൊള്ള നടന്നതായാണ് പ്രോസിക്യൂഷൻ കേസ്. സംരക്ഷകർതന്നെ കൊള്ളക്കാരായി എന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നു.

പ്രതികൾ രക്ഷപ്പെടരുത്

രണ്ടു കേസുകളിലുമായി 4147 ഗ്രാം സ്വർണമാണ് അപഹരിച്ചത്. ഇതിൽ ഗോവർദ്ധനിൽ നിന്ന് 474.960 ഗ്രാം മാത്രമാണ് കണ്ടെടുത്തത്. സ്വർണം എങ്ങനെ കൈമാറ്റം ചെയ്തു എന്ന് കണ്ടെത്തണം. അത് വീണ്ടെടുക്കാനുള്ള നടപടികളും വേണം. സ്വർണം വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രതികൾ രക്ഷപ്പെടും. അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് പ്രകാരം രണ്ടു ദ്വാരപാലക വിഗ്രഹങ്ങളിൽ 1564.190 ഗ്രാം സ്വർണവും ബീഡിംഗുകളിലും തൂണുകളിലുമായി 4302.660 ഗ്രാം സ്വർണവും പൂശിയിട്ടുണ്ട്.