ജില്ലാപഞ്ചായത്തിനെ അറിയാൻ ഝാർഖണ്ഡ് സംഘമെത്തി
ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെ അടുത്ത് അറിയാനും പഠിക്കാനുമായി 17അംഗ ഝാർഖണ്ഡ് സംഘം എത്തി. റാഞ്ചി ജില്ലാ പഞ്ചായത്തിലെ എട്ട് അംഗങ്ങളും അഞ്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും നാല് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് കിലയുടെ നേതൃത്വത്തിൽ ജില്ലയിലെത്തിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രനും സ്ഥിരം സമിതി അദ്ധ്യക്ഷൻമാരും ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് സംഘത്തെ സ്വീകരിച്ചു. തുടർന്ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ്ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെയും പദ്ധതികളെയും കുറിച്ച് സംഘാംഗങ്ങൾക്ക് വിശദീകരിച്ചു. ഫണ്ട് അനുവദിക്കുന്നതിനും ചെലവഴിക്കുന്നതിനുമുള്ള മാനദണ്ഡങ്ങൾ, സ്ഥിരം സമിതിയുടെ പ്രവർത്തന രീതികൾ, വരുമാന സ്രോതസുകൾ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തന രീതികൾ, തദ്ദേശ സ്ഥാപനങ്ങളിലെ സ്ത്രീ സംവരണം, ജില്ലയുടെ പ്രത്യേകതകൾ എന്നിവയെല്ലാം വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. പ്രദീപ്കുമാർ പി.പി.ടി അവതരണം നടത്തി.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്.രാധാകൃഷ്ണൻ, ഡി.ആംബുജാക്ഷി, ജില്ലാ പഞ്ചായത്തംഗം ആർ.റിയാസ്, കില കൺസൾട്ടന്റ് പി.വി.രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.