പഞ്ചാരിമേളപ്പെരുമയിൽ 15 പേരുടെ വമ്പൻ അരങ്ങേറ്റം

Thursday 22 January 2026 8:49 AM IST

മാന്നാർ: കുരട്ടിക്കാട് പാട്ടമ്പലത്തിലമ്മയുടെ സന്നിധിയിൽ പഞ്ചാരിമേളത്തിന്റെ താളപ്പെരുമ നിറച്ച് പതിനഞ്ചോളം വിദ്യാർത്ഥികൾ 25 ന് അരങ്ങേറ്റം കുറിക്കും. മാന്നാർ നായർ സമാജം കേരള കലാമണ്ഡപത്തിൽ പ്രശസ്ത മേളപ്രമാണിയും ഇന്ത്യൻ ആർമിയുടെ പുരസ്കാര ജേതാവുമായ ആർ.എൽ.വി ശ്യാം ശശിധരൻ ശിക്ഷണം നൽകിയ അഭിഷേക്, ആദർശ്, ആദിദേവ് അനീഷ്, അഭിനവ് അനീഷ്, ആദിത്യൻ, അദ്രിത് നായർ, അംഗജ്.എ, ആര്യൻ അനിൽ, അശ്വന്ത് രാജ്, ഹേമന്ത് കൃഷ്ണൻ, ഋഷികേശ് എസ്.നായർ, മാധവ് ജിത്ത്, റിതു ആർ.അഞ്ജു, ശ്രീനന്ദൻ.എം,വസുദേവ് എന്നീ പതിനഞ്ചോളം വിദ്യാർത്ഥികളാണ് 25ന് വൈകിട്ട് 5.30ന് കുരട്ടിക്കാട് പാട്ടമ്പലം ക്ഷേത്രത്തെ ഭാവസാന്ദ്രമാക്കി ചെണ്ടയിൽ താളവിസ്മയം ഒരുക്കുന്നത്. ഈ കലാസപര്യയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥി മുതൽ 56 വയസുള്ള കലാകാരൻമാർ വരെ അണിനിരക്കുമെന്ന സവിശേഷതയും ഉണ്ട്. അരങ്ങേറ്റ മഹോത്സവത്തിന്റെ ഉദ്ഘാടനം കുരട്ടിക്കാട് പാട്ടമ്പലം ദേവസ്വം മാനേജർ എൽ.പി സത്യപ്രകാശ് നിർവഹിക്കുമെന്ന് ആർ.എൽ.വി ശ്യാം ശശിധരൻ, അർജുൻ, മോഹൻദാസ്, ഡോ.ടി.എ സുധാകരക്കുറുപ്പ് എന്നിവർ പറഞ്ഞു.