'സജി ചെറിയാനെതിരെ പാർട്ടിയും സർക്കാരും നടപടിയെടുക്കണം'

Thursday 22 January 2026 12:06 AM IST

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ച വിവാദ പ്രസ്താവന മന്ത്രി സജി ചെറിയാൻ പിൻവലിച്ചതു കൊണ്ടു മാത്രം പ്രശ്നം തീരില്ലെന്നും, അദ്ദേഹത്തിനെതിരേ പാർട്ടിയും സർക്കാരും നടപടിയെടുക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. സാംസ്‌കാരിക മന്ത്രിയായ അദ്ദേഹം വർഗീയതയ്ക്ക് തീ കൊളുത്തുകയാണ് ചെയ്തത്. നേരത്തെ ഭരണഘടനയെ അവഹേളിച്ച മന്ത്രിയാണ് ഇപ്പോൾ കേരളത്തിന്റെ മതേതരത്വത്തെയും സാംസ്‌കാരിക തനിമയെയും ചോദ്യം ചെയ്തത്. സജി ചെറിയാന്റെ പരാമർശത്തിനെതിരേ നിയമസഭയക്ക്കത്തും പുറത്തും യു.ഡി.എഫ് സമരം തുടരും.

സ്വർണക്കൊള്ള അന്വേഷണം ഹൈക്കോടതിയുടെ നേതൃത്വത്തിൽ നടന്നിട്ടും ഉന്നതരിലേക്ക് എത്തുന്നില്ല. മുൻ മന്ത്രിയേയും ദേവസ്വം ബോർഡിന്റെ തലപ്പത്തുള്ള ചിലരെയും ചോദ്യം ചെയ്തത് പരമ രഹസ്യമായിട്ടാണ്. ചോദ്യം ചെയ്യലിനെ മുൻ മന്ത്രി വിശേഷിപ്പിച്ചത് അഭിമുഖമെന്നാണ്. ചോദ്യം ചെയ്യലിനു ശേഷം അദ്ദേഹം പറഞ്ഞത്.

വയനാട്ടിൽ സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയിൽ ഗുരുതര ക്രമക്കേടുകളും കോടികളുടെ കള്ളപ്പണം വെളിപ്പിക്കലും നടന്നത് വളരെ ഗൗരവമുള്ള വിഷയമാണ്. മുൻ മന്ത്രിയും എം.എൽ.എമാരും ഉൾപ്പെടെ ഈ സൊസൈറ്റിയിൽ ബോർഡ് അംഗങ്ങളാണ്.ഇതേക്കുറിച്ച് വസ്തുനിഷ്ടമായ അന്വേഷണം വേണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.