വിഴിഞ്ഞത്ത് സുന്ദരൻ തവളഞണ്ട്

Thursday 22 January 2026 1:28 AM IST

വിഴിഞ്ഞം: വിഴിഞ്ഞത്ത് അപൂർവ്വയിനം തവളഞണ്ട് ലഭിച്ചു. 'റാനിന റാനിന' എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന സ്പാനർ ഞണ്ടാണ് മത്സ്യത്തൊഴിലാളിയുടെ വലയിൽ കുടുങ്ങിയത്. ഇതിനെ തവളഞണ്ടുകളെന്നും അറിയപ്പെടുന്നു. വിയറ്റ്നാമിൽ ഇതിനെ ചക്രവർത്തി ഞണ്ടുകൾ (ഹുൻഹ് ഡാ ക്രാബ്) എന്നും അറിയപ്പെടുന്നു. ഉഷ്ണമേഖലാ ആവാസ വ്യവസ്ഥകളിലാണ് ഇവ കൂടുതലായി കണ്ടുവരുന്നത്. ആസ്ട്രേലിയൻ തീരങ്ങളിൽ ഇവ ടൺകണക്കിന് ലഭിക്കാറുണ്ട്.ഫിലിപ്പൈൻസ്, ആഫ്രിക്ക,ജപ്പാൻ, ഹവായ്, വിയറ്റ്നാം തീരങ്ങളിൽ ധാരാളമായി കണ്ടുവരുന്നുണ്ടെങ്കിലും കേരള, തമിഴ്നാട് തീരങ്ങളിൽ വളരെ അപൂർവ്വമായാണ് ലഭിക്കുന്നത്. ഇത് മറ്റ് രാജ്യങ്ങളിൽ ഭക്ഷണത്തിനായി ഉപയോഗിക്കുമെങ്കിലും മലയാളികൾ ഇവയെ ഭക്ഷണത്തിൽ ഉൾപ്പെടുത്താറില്ല.

15 സെന്റീമീറ്ററോളം നീളവും 900 ഗ്രാം ഭാരമുള്ള ഞണ്ടാണ് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലുതായി രേഖകളിലുള്ളത്. കടുത്ത ഓറഞ്ച് നിറവും ഏതാനും വെളുത്ത പുള്ളികളുമുള്ള ഇവ പകൽ സമയത്ത് കടലിന്റെ അടിത്തട്ടിൽ മണലുകളിൽ ഒളിച്ചിരിക്കും. രാത്രിയാണ് സഞ്ചാരം. കണ്ണും വായയും മാത്രം പുറത്ത് വച്ച് മണലിനടിയിൽ ഒളിച്ചിരുന്നാണ് ഇവ ഇരപിടിക്കുന്നത്. ഇവയ്ക്ക് മുന്നിലേക്കും പിന്നിലേക്കും സഞ്ചരിക്കാനുള്ള കഴിവാണ് പ്രത്യേകത. തവളയുടെ രൂപ സാദൃശ്യമുള്ളതിനാലാണ് തവളഞണ്ടുകൾ എന്ന പേര് വന്നത്. അക്വാറിയങ്ങളിൽ ഇവ വർണ്ണ മത്സ്യമായി വളർത്താറുണ്ട്. ഏതാനും വർഷം മുൻപ് വിഴിഞ്ഞത്തെ മറെെൻ അക്വാറിയത്തിൽ ഉണ്ടായിരുന്നെങ്കിലും ചത്തുപോയതായി സി.എം.എഫ്.ആർ.ഐ അധികൃതർ പറഞ്ഞു.