ഉദയനിധിക്ക് രൂക്ഷവിമർശനം, സനാതനധർമ്മ പരാമർശം വംശഹത്യാപരം: ഹൈക്കോടതി

Thursday 22 January 2026 12:45 AM IST

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സനാതന ധർമ്മത്തെക്കുറിച്ചുള്ള ഉദയനിധിയുടെ പരാമർശം വിദ്വേഷപരമാണെന്നും വംശഹത്യയെ സൂചിപ്പിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയ്‌ക്കെതിരെ തിരുച്ചിറപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു നിരീക്ഷണം. സനാതന ധർമ്മം പിന്തുടരുന്നയാളുകൾ ഇവിടെയുണ്ടാകാൻ പാടില്ലെങ്കിൽ, ഉചിതമായ വാക്ക് 'വംശഹത്യ" എന്നതാണ്. സനാതന ധർമ്മം ഒരു മതമാണെങ്കിൽ അത് 'മതഹത്യ"യാണ്. ഏതെങ്കിലും രീതി പിന്തുടർന്ന് ജനങ്ങളെ ഉന്മൂലനം ചെയ്യുകയെന്നും ഇതർത്ഥമാക്കുന്നു. അതിനാൽ, 'സനാതന ഒഴിപ്പ്" എന്ന തമിഴ് വാക്ക് വ്യക്തമായും വംശഹത്യ അല്ലെങ്കിൽ സാംസ്‌കാരിക നശീകരണത്തെ സൂചിപ്പിക്കുന്നു- ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി. 'ഉദയനിധിയുടെ പരാമർശത്തെ വിമർശിച്ചുകൊണ്ട് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ട അമിത് മാളവ്യയ്‌ക്കെതിരെ കേസെടുത്തത് നിയമവിരുദ്ധമാണ്. ഭാരതത്തിലെ 80 ശതമാനം പേരെയും ഇല്ലാതാക്കണോയെന്നാണ് ചോദിച്ചത്. അത് കുറ്റകൃത്യമായി കണക്കാക്കാനാകില്ല.

തമിഴ്നാട്ടിൽ കേസെടുത്തിട്ടില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ ഉദയനിധിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും" ജസ്റ്റിസ് എസ്.എസ് ശ്രീമതി

ഓർമ്മിപ്പിച്ചു.

2023ൽ നടത്തിയ 

പരാമർശം

2023 സെപ്തംബറിലാണ് ചെന്നൈയിലെ പരിപാടിയിൽ ഉദയനിധി സ്റ്റാലിൻ സനാതനധർമ്മത്തിനെതിരായ വിവാദ പരാമ‌ർശം നടത്തിയത്.

ഡെങ്കിപ്പനിയെയോ മലേറിയയെയോ കൊറോണയെയോ എതിർക്കാനാവില്ല,​ അവയെ ഉന്മൂലനം ചെയ്യണം. അതുപോലെ സനാതന ധർമ്മത്തെയും എതിർക്കുന്നതിന് പകരം ഉന്മൂലനം ചെയ്യണമെന്നാണ് പറഞ്ഞത്.