രാഹുലിന് ലഭിച്ച അപൂർവ സമ്മാനം: ഫിറോസ് ഗാന്ധിയുടെ ലൈസൻസ്

Thursday 22 January 2026 12:46 AM IST

ന്യൂഡൽഹി: തന്റെ ലോക്‌സഭാ മണ്ഡലമായ ഉത്തർപ്രദേശിലെ റായ്ബറേലിയിലെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിത്തെ കാത്തിരുന്നത് അപൂർവ സമ്മാനം. മുത്തച്ഛൻ പരേതനായ ഫിറോസ് ഗാന്ധിയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള അന്താരാഷ്ട്ര മോട്ടോർ ഡ്രൈവിംഗ് ലൈസൻസ്. ലണ്ടൻ കൗണ്ടി കൗൺസിലിൽ നിന്ന് 1938ൽ ഫിറോസ് ഗാന്ധിക്ക് ലഭിച്ച അന്താരാഷ്‌ട്ര വാഹന ലൈസൻസാണ് സംഘാടക സമിതിയംഗവും പൊതുപ്രവർത്തകനുമായ വികാസ് സിംഗ് കൈമാറിയത്. അമൂല്യമായ സമ്മാനം സ്വീകരിക്കവെ വികാരഭരിതനായ രാഹുൽ അത് തിരിച്ചു മറിച്ചും നോക്കിയ ശേഷം മൊബൈലിൽ ഫോണിൽ ഫോട്ടോയെടുത്ത് അമ്മ സോണിയാ ഗാന്ധിക്കും സഹോദരി പ്രിയങ്കാ ഗാന്ധിക്കും അയച്ചു.

റായ്‌ബറേലി മുൻ എംപിയായിരുന്ന ഫിറോസ് ഗാന്ധിയുടെ പേരിലുള്ള കോളേജിൽ ഹെലിപാഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കെട്ടിടങ്ങൾ പൊളിച്ചപ്പോൾ രാം കുമാർ ത്രിവേദി എന്നയാൾക്കാണ് ലൈസൻസ് കിട്ടിയത്. അദ്ദേഹത്തിന്റെ മരണ ശേഷം മകളായ സാക്ഷി ത്രിവേദിയുടെ കൈയിലെത്തി. സാക്ഷി അത് സുഹൃത്തും വികാസ് സിംഗിന്റെ ഭാര്യയുമായ സമാജ്‌വാദി പാർട്ടി വനിതാ വിഭാഗം ജനറൽ സെക്രട്ടറി ജൂഹി സിംഗിന് നൽകി. രാം ത്രിവേദി ലൈസൻസ് ഗാന്ധി കുടുംബത്തിന് നൽകാൻ ശ്രമിച്ചെങ്കിലും ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് വികാസ് സിംഗ് പറഞ്ഞു. അങ്ങനെയാണ് സാക്ഷി ത്രിവേദി രണ്ട് വർഷം മുമ്പ് ജൂഹിക്ക് കൈമാറിയത്. പൊതുപ്രവർത്തകരായ തങ്ങൾ അത് കൈമാറാൻ ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.