വായുമലിനീകരണം: ദീർഘകാല പരിഹാരനടപടികൾ ഉടൻ നടപ്പാക്കണമെന്ന് സുപ്രീംകോടതി

Thursday 22 January 2026 12:48 AM IST

ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണപ്രശ്‌നം പരിഹരിക്കാൻ ഉപകരിക്കുന്ന ദീർഘകാല നടപടികൾ ഉടൻ നടപ്പാക്കി തുടങ്ങണമെന്ന് താത്പര്യപ്പെട്ട് സുപ്രീംകോടതി. രാജ്യതലസ്ഥാനത്തു നിന്ന് മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കണം,​ വാഹനങ്ങൾക്ക് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്ര് ഉറപ്പാക്കൽ കാര്യക്ഷമമാക്കണം, ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കണം തുടങ്ങിയ പരിഹാരനിർദ്ദേശങ്ങൾ കേന്ദ്രസർക്കാരിന് കീഴിലെ കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് (സി.എ.ക്യു.എം) മുന്നോട്ടുവച്ചിരുന്നു. ഈ ശുപാർശകളിൽ ഡൽഹി സർക്കാരും മുനിസിപ്പൽ കോർപറേഷനും അടക്കം നടപടിയെടുക്കണം. നിർദ്ദേശങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ച പദ്ധതി നാലാഴ്ചയ്‌ക്കകം അറിയിക്കാനും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.