ഒരുമിച്ചു കഴിഞ്ഞത് 65 ദിവസം, 14 വർഷമായി തല്ല്, വിവാഹമോചനം നൽകി സുപ്രീംകോടതി

Thursday 22 January 2026 12:49 AM IST

ന്യൂ‌ഡൽഹി: 2012 ജനുവരി 28ന് വിവാഹം. 65 ദിവസം മാത്രം ഒരുമിച്ചു താമസിച്ചു. ഭാര്യ ഭർതൃവീട്ടിൽ നിന്നിറങ്ങിപോയി. പിന്നീടിങ്ങോട്ട് 14 വർഷമായി അങ്ങോട്ടുമിങ്ങോട്ടുമായി 40ൽപ്പരം കേസുകൾ. ഡൽഹി, അലഹബാദ്, ഗാസിയാബാദ്, ലക്‌നൗ തുടങ്ങിയ കോടതികളിൽ ഇരുവരും വാശിയോടെ കയറിയിറങ്ങി തമ്മിലടിച്ചു. ഒടുവിൽ ഭാര്യ സുപ്രീംകോടതിയെ സമീപിച്ചു. വാദംകേട്ടപ്പോൾ തന്നെ കോടതിക്ക് കാര്യം മനസിലായി. യുവ ദമ്പതികളിൽ അഹങ്കാരം വർദ്ധിച്ചുവെന്നും, സഹിഷ്‌ണുത കുറഞ്ഞെന്നും വിലയിരുത്തി. വൈരാഗ്യം തീർക്കാൻ നിയമവ്യവസ്ഥയെ ദുരുപയോഗം ചെയ്‌തതിന് 10,000 രൂപ വീതം പിഴ കെട്ടിവയ്‌ക്കാൻ ഇരുവരോടും നിർദ്ദേശിച്ചു. ഒരു ദശകത്തിലധികമായുള്ള പിണക്കം മാറ്റിവച്ചു ഒരുമിച്ചു ജീവിക്കുകയെന്നത് ഇനി അസാദ്ധ്യമാണെന്ന് വ്യക്തമാക്കി വിവാഹമോചനത്തിന് ഉത്തരവിട്ടു. സമ്പൂർണമായ നീതി ഉറപ്പാക്കാൻ ഭരണഘടനയിലെ 142ാം അനുച്ഛേദം സുപ്രീംകോടതിക്ക് നൽകിയിരിക്കുന്ന സവിശേഷാധികാരം പ്രയോഗിക്കുകയായിരുന്നു. വിവാഹമോചനത്തിന് ഭാര്യ അനുകൂലമായിരുന്നെങ്കിലും ഭർത്താവ് തയ്യാറായിരുന്നില്ല. തന്റെ ജീവിതം നശിപ്പിച്ചുവെന്ന് ഭർത്താവ് വിളിച്ചുപറഞ്ഞു. എന്നാൽ ദാമ്പത്യം പൂ‌ർണമായും തക‌‌ർന്ന കേസാണെന്ന് ജസ്റ്റിസുമാരായ രാജേഷ് ബിൻഡൽ, മൻമോഹൻ എന്നിവരടങ്ങിയ ബെ‌ഞ്ച് പ്രതികരിച്ചു.