മലയിൻകീഴ്: തെരുവ് നായ്ക്കളുടെ ശല്യം ഗ്രാമ പ്രദേശങ്ങളിൽ വ്യാപകമാകുന്നു. വീടുകളിലിരിക്കുന്നവരെയും യാത്രക്കാരെയും തെരുവ് നായ്ക്കൾ ആക്രമിക്കുന്നത് പതിവായിട്ടുണ്ട്. മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ക്ഷേത്ര ജംഗ്ഷനിലും മലയിൻകീഴ് സഹകരണ ബാങ്ക് സ്ഥിതിചെയ്യുന്നിടത്തും വില്ലേജ് ഓഫീസ് പരിസരത്തും തെരുവുനായ്ക്കളുടെ കൂട്ടമുണ്ടാകാറുണ്ട്. അപ്രതീക്ഷിതമായി നായ്ക്കൾ ആക്രമിക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
മലയിൻകീഴ്-കാട്ടാക്കട,ഊരൂട്ടമ്പലം,പാപ്പനംകോട് എന്നീ റോഡിലും തെരുവ് നായ്ക്കൾ
വ്യാപകമായിട്ടുണ്ട്. കാൽനട,വാഹന-യാത്രക്കാരുടെ പിന്നാലെ ഓടിയെത്തിയും
ആക്രമിക്കാറുണ്ട്. വളർത്തുമൃഗങ്ങളെ തെരുവ് നായ്ക്കൾ കൊന്നൊടുക്കുന്നതും പതിവാണ്. ശല്യം നാൾക്കുനാൾ വർദ്ധിച്ചിട്ടും പരാതികൾ ഉയരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ശല്യം സഹിക്കാനാകാതെ
മാറനല്ലൂർ,വിളപ്പിൽ,വിളവൂർക്കൽ എന്നീ പഞ്ചായത്ത് പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിലും പൊതുമാർക്കറ്റുകളിലും തെരുവുനായ്ക്കളുടെ കൂട്ടമുണ്ടാകും. മലയിൻകീഴ് പുതിയ ആയുർവേദ ആശുപത്രിക്ക് മുന്നിലും പരിസരപ്രദേശത്തും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.
മലയിൻകീഴ് താലൂക്ക് ആശുപത്രിക്ക് മുന്നിൽ അടുത്തിടെ ചികിത്സയ്ക്കെത്തിയ കുട്ടിയെ തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു.
ആക്രമണം പതിവ്
ആനമൺ,ചീനിവിള,പോങ്ങുംമൂട്, മാറനല്ലൂർ,അണപ്പാട് തുടങ്ങിയ സ്ഥലങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യമുണ്ട്.റോഡ് സൈഡിലും കടകൾക്ക് മുന്നിലും താവളമടിച്ചിട്ടുള്ള നായ്ക്കൾ അപ്രതീക്ഷിതമായി ആക്രമിക്കുകയാണ് പതിവ്.വിളപ്പിൽശാല ഗവൺമെന്റ് ആശുപത്രി,പൊതുമാർക്കറ്റ്,ബസ് സ്റ്റാൻഡ്
സ്കൂൾ ഗേറ്റ് തുടങ്ങി എവിടെയും നായ്ക്കളാണ്. ഇവ റോഡിലേക്ക് ചാടി ഇരുചക്രവാഹനയാത്രക്കാർ അപകടത്തിലാകുന്നതും പതിവാണ്. കരുവിലാഞ്ചി-മൂങ്ങോട്,ചെറുകോട്-മിണ്ണംകോട്,മൂങ്ങോട്-അന്തിയൂർക്കോണം,ശ്രീകൃഷ്ണപുരം-മഞ്ചാടി റോഡ് എന്നിവിടങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യമുണ്ട്.
മാലിന്യനിക്ഷേപം വ്യാപകമാകുന്നതാണ് തെരുവ് നായ്ക്കൾ താവളമടിക്കാൻ കാരണം.
കരിപ്പൂര്,പാലോട്ടുവിള,മലയിൻകീഴ് ഊറ്റുപാറ,മലയിൻകീഴ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഗേറ്റ്, മണപ്പുറം,കുരുവിൻമുകൾ എന്നിവിടങ്ങളിലേക്ക് പോകുന്നിടത്ത്, മലയിൻകീഴ്
ക്ഷേത്രജംഗ്ഷൻ,ക്ഷേത്ര പരിസരം,പാപ്പനംകോട് റോഡ്,പടവൻകോട്,പേയാട്,പള്ളിമുക്ക്,മാർക്കറ്റ്
ജംഗ്ഷൻ,പേയാട്-വിളപ്പിൽശാല റോഡ് തുടങ്ങിയ സ്ഥലങ്ങളും തെരുവ് നായ്ക്കളുടെ താവളമാണ്.