ലോക്‌സഭയിൽ സീറ്റിൽ ഇരിക്കുന്ന എം.പിമാർക്ക് മാത്രം ഹാജർ
ന്യൂഡൽഹി: ജനുവരിയിൽ തുടങ്ങുന്ന ബഡ്‌ജറ്റ് സമ്മേളനം മുതൽ ലോക്‌സഭയിൽ എം.പിമാർ ഹാജർ രേഖപ്പെടുത്താൻ സഭയ്‌ക്കുള്ളിലെ സീറ്റുകളിലിരുന്ന് പഞ്ച് ചെയ്യണം. നിലവിൽ സഭയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ലോബിയിലുള്ള പഞ്ചിംഗ് പാഡിൽ വിരൽ അമർത്തിയും എംപിമാർക്ക് ഹാജർ രേഖപ്പെടുത്താം. ഇങ്ങനെ പഞ്ച് ചെയ്ത എം.പിമാർ സഭയ്ക്കുള്ളിൽ വരാതെ മുങ്ങുന്നത് തടയുകയാണ് ലക്ഷ്യം.
സഭ സമ്മേളിക്കുന്ന സമയത്തായിരിക്കും അംഗങ്ങൾക്ക് അവരുടെ സീറ്റിന് മുന്നിൽ സ്ഥാപിച്ച ഡിജിറ്റൽ കൺസോളുകളിൽ ഹാജർ രേഖപ്പെടുത്താനാകുക. ബഹളത്താൽ സഭ പിരിഞ്ഞാൽ ഹാജർ രേഖപ്പെടുത്താനാകില്ല. അതിനാൽ സഭ സമ്മേളിക്കുമ്പോൾ എം.പിമാർ എത്തണം.
എം.പിമാർ ലോബിയിൽ ഹാജർ രേഖപ്പെടുത്തുന്നത് അവസാനിപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നതാണ്. ഇത് ബഡ്‌ജറ്റ് സമ്മേളനം മുതൽ കർശനമായി നടപ്പാക്കുമെന്ന് ലക്നൗവിൽ നടന്ന 86-ാമത് അഖിലേന്ത്യാ പ്രിസൈഡിംഗ് ഓഫീസർമാരുടെ സമ്മേളനത്തിൽ സ്പീക്കർ ഓം ബിർള അറിയിച്ചു.