സിഡ്ബിക്ക് 5000 കോടിയുടെ കേന്ദ്ര ഓഹരി പിന്തുണ

Thursday 22 January 2026 1:27 AM IST

ന്യൂഡൽഹി: എം.എസ്.എം.ഇ സംരംഭങ്ങൾക്ക് വായ്‌പ നൽകുന്ന ഇന്ത്യൻ സ്‌മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്കിനുള്ള(സിഡ്‌ബി) 5000 കോടി രൂപയുടെ ഓഹരി പിന്തുണയ‌്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.

കുറഞ്ഞ പലിശ നിരക്കിൽ കൂടുതൽ സാമ്പത്തിക സമാഹരണം നടത്താൻ സിഡ്‌ബിയെ ഇത് പ്രാപ്തമാക്കുമെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചു. ഏകദേശം 25.74 ലക്ഷം പുതിയ സംരംഭകർക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെന്റ് വഴി 2025-26 സാമ്പത്തിക വർഷം 3,000 കോടി രൂപയും, 2026-27, 2027-28 സാമ്പത്തിക വർഷങ്ങളിൽ 1,000 കോടി രൂപ വീതവുമാണ് നിക്ഷേപിക്കുക.

അടൽ പെൻഷൻ യോജന നീട്ടി

അസംഘടിത തൊഴിലാളികൾക്ക് വാർദ്ധക്യകാല സുരക്ഷ ഉറപ്പാക്കുന്ന അടൽ പെൻഷൻ യോജന 2030-31 വരെ തുടരാനും പ്രചാരണ, വികസന പ്രവർത്തനങ്ങൾക്കും ഗ്യാപ് ഫണ്ടിംഗിനുമുള്ള സാമ്പത്തിക സഹായം നീട്ടാനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

2015 മെയ് 9-ന് ആരംഭിച്ച പദ്ധതി പ്രകാരം വിഹിതത്തിനനുസരിച്ച്, 60 വയസ്സ് മുതൽ പ്രതിമാസം 1,000-5,000 രൂപ മിനിമം പെൻഷൻ ലഭിക്കും. നിലവിൽ പദ്ധതിയിൽ 8.66 കോടിയിലധികം ​ഗുണഭോക്താക്കളുണ്ട്.