കരസേനയിലെ ജെ.എ.ജി തസ്തികയിൽ 50% വനിത സംവരണം ഏർപ്പെടുത്തണമെന്ന വിധിയിൽ പുനഃപരിശോധനയില്ല
ന്യൂഡൽഹി: കരസേനയിലെ ജഡ്‌ജ് അഡ്വക്കേറ്ര് ജനറൽ (ജെ.എ.ജി) തസ്തികയിൽ 50 ശതമാനം വനിത സംവരണം ഏർപ്പെടുത്തണമെന്ന വിധി പുനഃപരിശോധിക്കാനാകില്ലെന്ന് സുപ്രീംകോടതി. കേന്ദ്രസർക്കാരിന്റെ ആവശ്യം ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് തള്ളി. വിഷയത്തിൽ ഇടപെടാൻ തക്ക കാരണങ്ങളില്ലെന്ന് കോടതി നിലപാടെടുത്തു. കരസേനയുടെ നിയമവിഭാഗത്തിലെ റിക്രൂട്ട്മെന്റ് നയത്തിൽ ലിംഗസമത്വമില്ലെന്ന് 2025 ആഗസ്റ്റിൽ കോടതി കണ്ടെത്തിയിരുന്നു. ജഡ്‌ജ് അഡ്വക്കേറ്ര് ജനറൽ തസ്‌തികയിലേക്കുള്ള റാങ്ക് ലിസ്റ്റും റദ്ദാക്കി. 9 ഒഴിവുകളിൽ ആറെണ്ണം പുരുഷന്മാർക്ക് സംവരണം ചെയ്‌തപ്പോൾ മൂന്നെണ്ണം മാത്രമാണ് സ്ത്രീകൾക്ക് നീക്കിവച്ചത്. ഈനടപടി ചോദ്യം ചെയ്‌ത് രണ്ട് വനിതാ ഉദ്യോഗാർത്ഥികൾ സമർപ്പിച്ച ഹർജികളിലായിരുന്നു നടപടി. പുരുഷനെന്നോ സ്ത്രീയെന്നോ വകഭേദം കാണിക്കാതെ, മെറിറ്റിന്റെ അടിസ്ഥാനത്തിൽ പൊതു റാങ്ക് പട്ടിക തയ്യാറാക്കാൻ കേന്ദ്രസർക്കാരിനും കരസേനയ്‌ക്കും നിർദ്ദേശം നൽകിയിരുന്നു.