ഒരു വയസുള്ള കുഞ്ഞിന്റെ മരണം: കുരുക്കഴിക്കാനാകാതെ പൊലീസ്

Thursday 22 January 2026 2:47 AM IST

നെയ്യാറ്റിൻകര: കവളാകുളത്തെ ഒരു വയസുകാരൻ ഇഹാന്റെ മരണത്തിൽ കുരുക്കഴിക്കാനാകാതെ പൊലീസ്. മരണകാരണം വ്യക്തമാക്കുന്നതിനുള്ള വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടും പരിശോധന ഫലങ്ങളും ലഭിച്ചിട്ടില്ല. കുഞ്ഞിന്റെ വയറ്റിലെ ക്ഷതത്തെക്കുറിച്ച് പിതാവ് ഷിജിലും അമ്മ കൃഷ്ണപ്രിയയും വ്യക്തത വരുത്താൻ തയ്യാറായിട്ടുമില്ല. ഇരുവരും കുറ്റംമറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് പൊലീസ് പറയുന്നു.

കുട്ടിയുടെ വയറ്റിലും കൈയ്ക്കും സാരമായ ക്ഷതമേറ്റിട്ടുണ്ട്. വയറ്റിലേറ്റ ക്ഷതത്തിലുണ്ടായ ആന്തരീക രക്തസ്രാവമാണ് മരണകാരണമെന്ന് കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്‌ത സർജൻ വ്യക്തമാക്കിയിരുന്നു. കുഞ്ഞ് തന്റേതല്ലെന്നു പറഞ്ഞ് ഷിജിലും കൃഷ്ണപ്രിയയും തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടാകുന്നത് പതിവാണെന്ന് ബന്ധുക്കളും അയൽവാസികളും മൊഴിനൽകിയിട്ടുണ്ട്. ഇതിനിടെ കുഞ്ഞിനെ ഷിജിൽ തൊഴിച്ചിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ രാവിലെ രണ്ടുപേരേയും പൊലീസ് വീണ്ടും ചോദ്യം ചെയ്‌തെങ്കിലും വിട്ടയച്ചു. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ അടുത്ത നടപടികളിലേക്ക് കടക്കാനാകൂയെന്ന് പൊലീസ് പറയുന്നു.