യൂറോപ്യൻ രാജ്യങ്ങൾക്ക് ആശ്വാസം; അധിക തീരുവ ചുമത്തുന്നില്ലെന്ന് ട്രംപ്

Thursday 22 January 2026 7:22 AM IST

വാഷിംഗ്ടൺ: ഗ്രീൻലാൻഡിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി യൂറോപ്യൻ ഉത്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തിയ തീരുമാനത്തിൽ നിന്ന് പിന്മാറി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്വിറ്റ്സർലണ്ടിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.

നാറ്റോയിൽ അമേരിക്കയുടെ പരമ്പരാഗത സഖ്യ കക്ഷികളായ ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമ്മനി, യുകെ. നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിലെ ഉത്പന്നങ്ങൾക്ക് ഫെബ്രുവരി ഒന്ന് മുതൽ പത്ത് ശതമാനം തീരുവ ഈടാക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ഗ്രീൻലാൻഡ് തീരുമാനം വൈകിയാൽ ജൂൺ ഒന്ന് മുതൽ തീരുവ 25 ശതമാനമായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ തീരുമാനത്തിൽ നിന്നാണ് ഇപ്പോൾ ട്രംപ് പിന്മാറിയിരിക്കുന്നത്. റൂട്ടെയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും ഗ്രീൻലാൻഡിനും ആർട്ടിക് മേഖലയ്ക്കുമായുള്ള കരാറിന്റെ രൂപരേഖ തയ്യാറായെന്നും ട്രംപ് തന്റെ ട്രൂത്ത് പേജിൽ കുറിച്ചു.

'നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുമായി ഞാൻ നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ, ഗ്രീൻലാൻഡുമായും, വാസ്തവത്തിൽ, മുഴുവൻ ആർട്ടിക് മേഖലയുമായും ബന്ധപ്പെട്ട് ഒരു ഭാവി കരാറിന്റെ രൂപരേഖ ഞങ്ങൾ രൂപീകരിച്ചു. ഈ ധാരണയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരാൻ നിശ്ചയിച്ചിരുന്ന താരിഫുകൾ ഞാൻ ചുമത്തുന്നില്ല. ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട്കൂടുതൽ ചർച്ചകൾ നടക്കുന്നുണ്ട്'- ട്രംപ് കുറിച്ചു.