ബംഗളൂരു വിമാനത്താവളത്തിൽ കൊറിയൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം;  എയർപ്പോർട്ട്  ജീവനക്കാരൻ അറസ്റ്റിൽ 

Thursday 22 January 2026 9:58 AM IST

ബംഗളൂരു: വിമാനത്താവളത്തിൽ കൊറിയൻ വിനോദസഞ്ചാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ എയർപ്പോർട്ട് ജീവനക്കാരൻ അറസ്റ്റിൽ. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരനായ അഫാൻ അഹമ്മദ് എന്ന യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ടിക്കറ്റും ലഗേജും പരിശോധിക്കുന്നതിന്റെ മറവിലായിരുന്നു അതിക്രമം. ഇക്കഴിഞ്ഞ ജനുവരി 19നാണ് കേസിനാസ്പദമായ സംഭവം.

ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി മടങ്ങുകയായിരുന്ന യുവതിയെ പ്രതി അഫാൻ അഹമ്മദ് സമീപിക്കുകയായിരുന്നു. യുവതിയുടെ ചെക്ക് ഇൻ ബാഗേജിൽ നിന്ന് അസ്വാഭാവികമായ ശബ്ദം കേൾക്കുന്നുണ്ടെന്ന് പറഞ്ഞ് വിശദമായ പരിശോധന വേണമെന്ന് ഇയാൾ പറഞ്ഞു. കൗണ്ടറിൽ വച്ച് പരിശോധന നടത്തിയാൽ വിമാനം വൈകാൻ സാദ്ധ്യതയുണ്ടെന്ന് പറഞ്ഞ് യുവതിയെ ഇയാൾ തെറ്റിദ്ധരിപ്പിച്ചു. ഇതിന് പകരം പേഴ്സണൽ ചെക്കപ്പ് നടത്താമെന്ന് പറയുകയും യുവതിയെ ശുചിമുറിക്ക് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

ഇവിടെ വച്ച് യുവതിയുടെ ശരീരത്തിൽ ഇയാൾ പലതവണ മോശമായ രീതിയിൽ സ്പർശിക്കുകയും പിന്നിലൂടെ വന്ന് കെട്ടിപ്പിടിക്കുകയും ചെയ്തു. യുവതി എതിർത്തതോടെ ശരി, നന്ദിയന്ന് പറഞ്ഞ് പ്രതി അവിടെനിന്നും നടന്നുപോയി. സംഭവത്തിൽ ഞെട്ടിപ്പോയ യുവതി ഉടൻ തന്നെ വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിൽ പരാതി നൽകി. തുടർന്ന് അധികൃതർ അഫാൻ അഹമ്മദിനെ തടഞ്ഞുവയ്ക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. യുവതിയുടെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ്, പ്രതിക്കെതിരെ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അന്വേഷണം ആരംഭിച്ചു.