'പ്രഭാത വ്യായാമത്തിനിടെ പത്തുവയസുകാരായ ആൺകുട്ടികൾ മോശമായി പെരുമാറി'; നടുക്കം മാറാതെ യുവതി

Thursday 22 January 2026 11:05 AM IST

ബംഗളൂരു: പ്രഭാത വ്യായാമത്തിനിടെ കൊച്ചുകുട്ടികൾ മോശമായി പെരുമാറിയതായി യുവതി. ബംഗളൂരുവിലെ അവലഹള്ളി വനത്തിൽ രാവിലെ ജോഗിംഗ് ചെയ്യുന്നതിനിടെ ഒരുപറ്റം ആൺകുട്ടികൾ അശ്ളീല പരാമർശങ്ങൾ നടത്തിയെന്ന് വിവരിച്ച് റിതിക സൂര്യവംശിയെന്ന യുവതി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോ ചർച്ചയാവുകയാണ്. വനത്തിൽ അഞ്ചുകിലോമീറ്റർ ഓടിയതിനുശേഷം വനത്തിന്റെ പ്രവേശന കവാടത്തിലേയ്ക്ക് പോകവേയാണ് മോശം അനുഭവമുണ്ടായതെന്ന് യുവതി വിവരിക്കുന്നു.

താൻ സ്‌പോർട്‌സ് ബ്രായും ടാങ്ക് ടോപ്പുമാണ് ധരിച്ചിരുന്നതെന്നും സാധാരണയായി വ്യായാമത്തിന് ധരിക്കാറുള്ള വസ്ത്രമാണിതെന്നും യുവതി പറയുന്നു. 'ഈ വസ്ത്രങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുള്ളതായി കരുതുന്നില്ല. ഞാൻ സാധാരണയായി ധരിക്കാറുള്ള വസ്ത്രമാണ്. ഓട്ടത്തിനിടെ 10നും 13നും ഇടയിൽ പ്രായമുള്ള മൂന്ന് ആൺകുട്ടികൾ എതിരെനിന്ന് വന്നു. ശേഷം കന്നടയിൽ എന്തൊക്കെയോ പറ‍ഞ്ഞ് ചിരിക്കാൻ തുടങ്ങി. ഭാഷ മനസിലായില്ലെങ്കിലും അവർ പറഞ്ഞത് എന്തായിരിക്കുമെന്ന് ഊഹിക്കാൻ കഴിയും. ആരെങ്കിലും കളിയാക്കി ചിരിക്കുകയാണെങ്കിൽ അത് മനസിലാക്കാൻ സാധിക്കും.

ആദ്യം കുട്ടികളല്ലേ എന്നുവിചാരിച്ച് അവരെ അവഗണിക്കുകയാണ് ചെയ്തത്. കുട്ടികളല്ലേ,​ വലുതാകുമ്പോൾ അവർ തിരിച്ചറിയുമെന്ന് കരുതി അവഗണിച്ചു. എന്നാൽ അവർ എന്റെ ശരീരത്തെക്കുറിച്ച് മോശം കമന്റുകൾ പാസാക്കാൻ തുടങ്ങിയപ്പോൾ ഞാൻ നടത്തം മതിയാക്കി അവരെ ശകാരിച്ചു. മര്യാദ പഠിക്കണമെന്നും ഇത്രയും ചെറിയ പ്രായത്തിൽ കമന്റുകൾ പാസാക്കാനുള്ള ധൈര്യം എങ്ങനെയുണ്ടായെന്നും ചോദിച്ചു. ഇത് ശരിയായ കാര്യമല്ല. കുട്ടികൾ പോലും കമന്റ് പാസാക്കുമെന്ന് ഇനിമുതൽ ഭയന്ന് തുടങ്ങണോ?'- വീഡിയോയിൽ യുവതി ചോദിക്കുന്നു. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിക്കുകയാണ്. കുട്ടികളെ ചെറുപ്പത്തിൽ തന്നെ മര്യാദകൾ പഠിപ്പിക്കണമെന്നും മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിപ്പിക്കണമെന്നും അനേകം പേർ ആവശ്യപ്പെട്ടു.