'രോഹിത്തിന്റെ കൈയിൽ പിടിച്ചത് സെൽഫിയെടുക്കാനൊ ഉപദ്രവിക്കാനോ അല്ല​,​ മകളുടെ ജീവൻ രക്ഷിക്കാൻ', വെളിപ്പെടുത്തലുമായി യുവതി

Thursday 22 January 2026 11:44 AM IST

ഇൻഡോർ: ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിന മത്സരം കഴിഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ ഹോട്ടലിലേക്ക് പ്രവേശിക്കുന്നതിനിടെ യുവതി കൈയിൽ കടന്നു പിടിച്ചത് വലിയ വാർത്തയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിൽ താരം അമ്പരക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. സരിത ശർമ എന്ന യുവതിയാണ് താരത്തിന്റെ കൈയിൽ കടന്ന് പിടിച്ചത്. പിന്നീട് തന്റെ പ്രവർത്തിയിൽ മാപ്പപേക്ഷിച്ച് യുവതി രംഗത്തെത്തുകയും കൈയിൽ പിടിക്കാനിടയായ കാരണത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ അവർ വെളിപ്പെടുത്തുകയും ചെയ്തു.

സരിത ശർമയുടെ വാക്കുകൾ 'എന്റെ പേര് സരിത ശർമ്മ. മകൾ അനികയ്ക്ക് മാരകമായ രോഗമാണ്. അവളെ രക്ഷിക്കണമെങ്കിൽ ഏകദേശം ഒമ്പത് കോടി വിലവരുന്ന മരുന്ന് ആവശ്യമുണ്ട്. അത് അമേരിക്കയിൽ നിന്ന് വരുത്തിക്കണം. പൈസ കണ്ടെത്താനായി ചെറിയ രീതിയിൽ ക്യാമ്പുകളൊക്കെ ഞങ്ങൾ നടത്തുന്നുണ്ട്. ഇതുവരെ 4.1 കോടി രൂപ സമാഹരിച്ചു. പക്ഷെ ഇനി ഞങ്ങളുടെ കൈയിൽ ഒട്ടും സമയമില്ല.

ഇന്ത്യ-ന്യൂസിലൻഡ് ഏകദിന മത്സരം നടന്നപ്പോൾ, ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ ക്രിക്കറ്റ് താരങ്ങളെ കാണാൻ പരമാവധി ശ്രമിച്ചിരുന്നു. അവിടെ ഒരു ഡൊണേഷൻ ക്യാമ്പും നടത്തി. പക്ഷെ അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. വിരാട് കൊഹ്ലിയും രോഹിത് ശർമ്മയും കുട്ടികളെ ഒരുപാട് സഹായിക്കാറുള്ളത് കൊണ്ട് അവരെ എങ്ങനെയെങ്കിലും ഒന്ന് കാണണമെന്നെ എനിക്കുണ്ടായിരുന്നുള്ളൂ. എന്റെ കുഞ്ഞിനെ രക്ഷിക്കാനുള്ള വെപ്രാളത്തിൽ രോഹിത് ശർമ്മ നിൽക്കുന്ന ഹോട്ടലിലേക്ക് ഞാൻ ചെന്നു. അവിടെ വച്ച് പെട്ടെന്നുണ്ടായ വികാരത്തിൽ അറിയാതെ അദ്ദേഹത്തിന്റെ കൈയിൽ ഞാൻ പിടിച്ചു പോയി.

'വിരാട് സാറിനോടും രോഹിത് സാറിനോടും എനിക്ക് ഒരപേക്ഷയുണ്ട്. ഞാൻ എന്തിനാണ് അന്ന് അങ്ങനെ ചെയ്തതെന്ന് ഒരുപക്ഷെ നിങ്ങൾക്ക് മനസിലായിട്ടുണ്ടാകില്ല.സെൽഫിയെടുക്കാനോ ഉപദ്രവിക്കാനോ ആയിരുന്നില്ല ഞാൻ ശ്രമിച്ചത്. എന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോടും എന്റെ പെരുമാറ്റത്തിന് ഞാൻ ക്ഷമ ചോദിക്കുന്നു. വേറെ എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. സാറുമാരേ, ഈ സന്ദേശം നിങ്ങളിലേക്ക് എത്തുകയാണെങ്കിൽ ദയവായി എന്നെ ഒന്ന് സഹായിക്കണം'. യുവതി വീഡിയോയിൽ കൂട്ടിച്ചേർത്തു.