മാസങ്ങൾക്കകം കട്ടകറുപ്പുള്ള മുടി തഴച്ചുവളരും; നടി ശിവദയുടെ ഹെയർ ഗ്രോത്ത് സെറം പത്തുമിനിട്ടുകൊണ്ട് തയ്യാറാക്കാം
2015ൽ തീയേറ്ററുകളിലെത്തിയ സൂ സൂ സുധി വാത്മീകം എന്ന സിനിമയിൽ ജയസൂര്യയുടെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ശിവദ നായർ. ചുരുക്കം വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറാൻ ശിവദയ്ക്ക് സാധിച്ചു. സിനിമയിൽ സജീവമായിരിക്കുമ്പോൾ തന്നെ ശിവദ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കായി പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതായ താരം കഴിഞ്ഞ ആറ് മാസമായി പരീക്ഷിക്കുന്ന ഹെയർ ഗ്രോത്ത് സെറത്തെക്കുറിച്ചും അത് തയ്യാറാക്കുന്ന രീതിയുമാണ് ഒരു വീഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
കടകളിൽ നിന്ന് വാങ്ങുന്ന സെറങ്ങൾ സ്ഥിരമായി ഉപയോഗിക്കുമ്പോൾ ചിലർക്ക് അലർജിയും തലവേദനയും ഉണ്ടാകാറുണ്ടെന്നും അതിനൊരു കിടിലൻ വഴിയാണ് ഈ സെറമെന്നും ശിവദ വീഡിയോയിലൂടെ പറയുന്നുണ്ട്. സെറം തയ്യാറാക്കാനായി നടിയെടുത്തത് 250 മില്ലീലിറ്റർ വെള്ളമാണ്. ഇത് തിളപ്പിക്കുക. വെള്ളം തിളക്കുമ്പോൾ തന്നെ ഒരു ടീസ്പൂൺ റോസ്‌മേരി, അര ടീസ്പൂൺ ഉലുവ, അര ടീസ്പൂൺ കരിംജീരകം, നാല് ഗ്രാമ്പൂ എന്നിവ ചേർത്തുകൊടുക്കു. ഇത് പത്ത് മുതൽ 12 മിനിട്ടുവരെ തിളപ്പിക്കുക. തുടർന്ന് ഈ മിശ്രിതം ചൂടുമാറാനായി മാറ്റിവയ്ക്കുക. ശേഷം ഒരു സ്‌പ്രേ ബോട്ടിലിലേക്ക് മാറ്റി സൂക്ഷിക്കാവുന്നതാണ്. ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ ഒരു മാസത്തോളം ഉപയോഗിക്കാമെന്നും താരം പറയുന്നു.
ഉപയോഗിക്കേണ്ട രീതി
രാവിലെ മുടി കഴുകിയതിനുശേഷമാണ് ഈ സെറം ഉപയോഗിക്കുന്നതെന്ന് ശിവദ വീഡിയോയിൽ പറയുന്നുണ്ട്. ആറ് മാസം തുടർച്ചയായി സെറം കൃത്യമായി ഉപയോഗിക്കുകയാണെങ്കിൽ മുടി നന്നായി വളരുമെന്നും തനിക്ക് അനുഭവമുണ്ടെന്നും ശിവദ പറയുന്നു.