പാമ്പുകൾ മാളം ഉപേക്ഷിക്കും, വളർത്തുമൃഗങ്ങൾ വീട് വിടും; വലിയ ദുരന്തത്തിനുള്ള സൂചനയോ?

Thursday 22 January 2026 12:21 PM IST

ലോകം എത്ര തന്നെ സാങ്കേതികപരമായി വളർന്നെന്ന് പറഞ്ഞാലും ഇന്നും ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി അറിയാൻ മനുഷ്യന് കഴിഞ്ഞിട്ടില്ല. ഇത്തരം ദുരന്തങ്ങളിൽ കോടിക്കണക്കിന് ജീവനുകളാണ് നഷ്ടപ്പെടുന്നത്. എന്നാൽ മൃഗങ്ങൾക്ക് ഇവ പ്രവചിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ അടുത്തിടെ വലിയ ചർച്ചകൾ നടന്നിരുന്നു. കാരണം ഇത്തരത്തിലുള്ള പ്രകൃതിദുരന്തങ്ങൾക്ക് മുൻപുള്ള മൃഗങ്ങളും പക്ഷികളും ചില പ്രത്യേക സ്വഭാവമാണ്.

ദുരന്തത്തിന് മുൻപ്

1975ൽ ചെെനീസ് നഗരമായ ഹെെചെങ്ങിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. ഈ ഭൂകമ്പത്തിന് ദിവസങ്ങൾക്ക് മുന്നിൽ ഇവിടെ നിന്ന് നൂറുകണക്കിന് പാമ്പുകൾ മാളങ്ങളിൽ നിന്ന് പുറത്തുവന്നതായി റിപ്പോർട്ടുണ്ട്. ഇത് പാമ്പുകൾ ഭൂകമ്പത്തെ മുൻകൂട്ടി അറിഞ്ഞതായും മുന്നറിയിപ്പായി പുറത്തിറങ്ങിയതായും ആളുകൾ പറയുന്നു. കൂടാതെ ഇവിടത്തെ വളർത്തുമൃഗങ്ങളും ഭൂകമ്പത്തിന് മുൻപ് ചില പ്രത്യേക ശബ്ദം ഉണ്ടാക്കിയെന്നും അസാധാരണമായി പെരുമാറിയെന്നുമാണ് വിവരം.

അതുപോലെ തന്നെ 2014ൽ യുഎസിലെ ടെന്നസിൽ ചുഴലിക്കറ്റ് ഉണ്ടാക്കുന്നതിന് മുൻപ് ദേശാടനപക്ഷികൾ അവിടെ നിന്ന് പറന്ന് അകന്നെന്നും പറയപ്പെടുന്നു. സുനാമികൾ മത്സ്യങ്ങൾ പ്രവചിക്കുമെന്നും പല കഥകളും മുൻപ് പ്രചരിച്ചിരുന്നു. പുരാതന ഗ്രീസ് സാഹിത്യങ്ങളിൽ മൃഗങ്ങൾ ദുരന്തം പ്രവചിക്കുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

ബിസി 373ൽ ഹെലിസ് നഗരത്തിൽ ഒരു ഭൂകമ്പം ഉണ്ടായതായി പല പുസ്തകങ്ങളിലും പറയുന്നു. ഈ ഭൂകമ്പത്തിന് ദിവസങ്ങൾക്ക് മുൻപ് എലികൾ,​ പാമ്പുകൾ,​ നായയ്ക്കൾ,​ ഒരിനം കീരി എന്നിവ നഗരം വിട്ടുപോയെന്ന് ചരിത്രകാരൻ തുസ്സിഡിഡീസ് തന്റെ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.

ശാസ്ത്രം പറയുന്നതെന്ത്?

ഈ കാലഘട്ടത്തിൽ ചുഴലിക്കാറ്റ്,​ വെള്ളപ്പൊക്കം,​ കൊടുങ്കാറ്റ് എന്നിവ പല സാങ്കേതികവിദ്യയുടെയും സഹായം ഉപയോഗിച്ച് മനുഷ്യന് ഒരു പരിതിവരെ പ്രവചിക്കാൻ കഴിയുമെങ്കിലും ഭൂകമ്പത്തിന്റെ കാര്യത്തിൽ അങ്ങനെയല്ല. സുനാമി ഉണ്ടാകുമ്പോഴും ചില പ്രവചനങ്ങൾ നടത്താറുണ്ടെങ്കിലും ഇത് ചില പ്രദേശങ്ങളിൽ സാദ്ധ്യമല്ല.

എന്നാൽ ഒരു ദുരന്തം നടക്കുന്നതിന് മുൻപ് മൃഗങ്ങൾ അസാധാരണമായി പെരുമാറുന്നതായി പറയപ്പെടുന്നു. എലികൾ,​ പാമ്പുകൾ,​ പക്ഷികൾ എന്നിവ വീടുകൾ വിട്ട് സുരക്ഷിതമായ സ്ഥലത്തേക്ക് പോകുന്നു. എങ്കിലും ഈ പെരുമാറ്റങ്ങൾ ദുരന്തത്തിന്റെ സൂചനയാണോയെന്ന് കൃത്യമായി പറയാൻ കഴിയില്ലെന്ന് ഗവേഷകർ പറയുന്നു.

ഒരു ഭൂകമ്പം ഉണ്ടാക്കുന്നതിന് മുൻപ് വായുമർദ്ദത്തിലെ വ്യത്യാസങ്ങൾ,​ തരംഗങ്ങൾ, പാരിസ്ഥിതിക മാറ്റങ്ങൾ എന്നിവ മൃഗങ്ങൾക്ക് തിരിച്ചറിയാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. എന്നാൽ മൃഗങ്ങളുടെ ഈ കഴിവ് ദുരന്തങ്ങളുടെ പ്രവചനത്തെ സഹായിക്കുമോയെന്ന കാര്യത്തിൽ വ്യക്തമല്ല. കാരണം എല്ലാ ഭൂകമ്പങ്ങൾക്കും മുൻപ് ഇത്തരത്തിൽ മൃഗങ്ങൾ പെരുമാറണമെന്നില്ല.

പഠനങ്ങൾ പറയുന്നത്

ജർമ്മനിയിൽ സ്ഥിതിചെയ്യുന്ന GFZ ഹെൽംഹോൾട്ട്സ് സെന്റർ ഫോർ ജിയോസയൻസിൽ ഭൂകമ്പത്തിന് മുൻപ് മൃഗങ്ങളുടെ അസാധാരണമായ പെരുമാറ്റത്തെക്കുറിച്ച് 2018ൽ പഠനം നടത്തിയിരുന്നു. ഒരു പ്രദേശത്ത് വലിയ ഭൂകമ്പം ഉണ്ടാകുന്നതിന് മുൻപ് 'ഫോർഷോക്ക്' എന്ന ചെറിയ ഭൂകമ്പം ഉണ്ടാകുന്നുവെന്നും ഇത് മൃഗങ്ങൾക്ക് തിരിച്ചറിയാൻ കഴിയുമെന്നാണ് പഠനത്തിൽ പറയുന്നത്.

ഇപ്പോഴും ഇതിൽ ഗവേഷണങ്ങൾ നടന്നുവരികയാണ്. ജർമ്മനിയിലെ തന്നെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ബിഹേവിയറിലെ ഗവേഷകരും ഇതുസംബന്ധിച്ച് ഇപ്പോഴും പഠനം നടത്തുന്നുണ്ട്. ഇവർ ഇറ്റലിയിൽ ഭൂകമ്പം ഉണ്ടായ സ്ഥലത്തെ പശുക്കൾ, ആടുകൾ, നായ്ക്കൾ, ആടുകൾ എന്നിവയെ നിരീച്ച് വരുന്നുണ്ട്. ട്രാൻസ്‌മിറ്ററുകൾ ഉപയോഗിച്ചാണ് അവയെ നിരീക്ഷിക്കുന്നത്. പഠനങ്ങളിൽ മൃഗങ്ങൾക്ക് ഭൂകമ്പം തിരിച്ചറിയാൻ കഴിയുമെന്ന് കണ്ടെത്തിയാൽ ഇവ വച്ച് കൂടുതൽ പഠനം നടത്താനും ഭൂകമ്പം ഉണ്ടാക്കുന്ന പ്രദേശങ്ങൾ തിരിച്ചറിഞ്ഞ് വലിയ ദുരന്തം ഒഴിവാക്കാനും കഴിയുമെന്നാണ് ഗവേഷകർ കരുതുന്നത്.