ആറ് കൊലപാതകങ്ങൾ; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ഇരയായി, പ്രതിക്ക് ജീവപര്യന്തം
ഫരീദാബാദ്: സ്‌ത്രീകളെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ 54 കാരനായ സീരിയൽ കുറ്റവാളിക്ക് ജീവപര്യന്തം ശിക്ഷയും 2.1 ലക്ഷം പിഴയും വിധിച്ച് കോടതി. 2022ൽ 20 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി. ഫരീദാബാദ് സ്വദേശിയായ രാജ് സിംഗിനെയാണ് കോടതി ശിക്ഷിച്ചത്. ഫരീദാബാദ് അഡീഷണൽ സെഷൻസ് ജഡ്ജി പുരുഷോത്തം കുമാറാണ് ശിക്ഷ വിധിച്ചത്.
പ്രായപൂർത്തിയാകാത്ത മൂന്ന് പേരെയുൾപ്പടെ ആറ് കൊലപാതകങ്ങൾ ഇയാൾ നടത്തിയതായി പൊലീസ് പറയുന്നു. 2022 ജനുവരി ആദ്യമാണ് ഫരീദാബാദിലെ ഭൂപാനി ഗ്രാമത്തിൽ നിന്നും 20 വയസുകാരിയെ കാണാതായതായി റിപ്പോർട്ട് ചെയ്‌തത്. യുവതിയുടെ ഭർത്താവിന്റെ അമ്മ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എന്നാൽ ദിവസങ്ങൾക്കകം യുവതിയുടെ മൃതദേഹം കണ്ടെത്തി. തൊട്ടടുത്ത ദിവസം തന്നെ പ്രതിയായ രാജിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ യുവതിയെ കൊന്ന് മൃതദേഹം ആഗ്ര കനാലിന്റെ തീരത്ത് തള്ളിയതായി പ്രതി കുറ്റം സമ്മതിച്ചു. പ്രായപൂർത്തിയാകാത്ത മൂന്നു പേരെ ഉൾപ്പെടെ അഞ്ച് കൊലപാതകങ്ങൾ കൂടി നടത്തിയിട്ടുള്ളതായും ഇയാൾ കുറ്റ സമ്മതം നടത്തി.
'വിചാരണയ്ക്കിടെ, 29 സാക്ഷികൾ മൊഴി നൽകി.എല്ലാ കക്ഷികളെയും കേട്ട ശേഷമാണ് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വിധി പറഞ്ഞത്. മറ്റ് കേസുകൾ വിവിധ കോടതികളിൽ പരിഗണനയിലാണ്'- പൊലീസ് ഉദ്യോദസ്ഥൻ പറഞ്ഞു.
ഫരീദാബാദിലെ സെക്ടർ 16ലെ ഒരു സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ഗാർഡായാണ് രാജ് ജോലിചെയ്‌തിരുന്നത്. 2019 ൽ ഒരു ചായക്കച്ചവടക്കാരന്റെ മകളെ ഇയാൾ പീഡിപ്പിച്ച് കൊന്നിരുന്നു. 2020 ഓഗസ്റ്റിൽ 12 വയസ്സുള്ള ഒരു പെൺകുട്ടിയെ ഇയാൾ ആശുപത്രിയിൽ വച്ച് കൊലപ്പെടുത്തി. പെൺകുട്ടി പീഡനത്തെ എതിർത്തതിനെ തുടർന്നായിരുന്നു കൊലപാതകം. 2021 ജൂണിൽ ആശുപത്രിയിൽ ക്ലീനറായി ജോലി ചെയ്തിരുന്ന മറ്റൊരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ഇയാൾ കൊലപ്പെടുത്തി. ഇതു കൂടാതെ തന്റെ അമ്മാവനെയും ബന്ധുവിനെയും കൊലപ്പെടുത്തിയതായും രാജ് കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.