'ഭാവിയിലും ഇത് തുടരാനാണ് എന്റെ പ്ലാൻ’,​ വിവാഹ വാർഷികത്തിൽ ഭർത്താവിനെ ഞെട്ടിച്ച് ഭാവനയുടെ കുറിപ്പ്

Thursday 22 January 2026 1:22 PM IST

മലയാളികളുടെ ഇഷ്ട നടി ഭാവനയ്ക്ക് ഇന്ന് ഏഴാം വിവാഹ വാർഷികം. ഈ ദിനത്തിൽ പ്രിയതമനും കന്നഡ സിനിമാ സംവിധായകനുമായ നവീന് ആശംസകൾ നേർന്ന് താരം പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മനോഹരമായ മിറർ സെൽഫികൾക്കൊപ്പമാണ് ഭാവന തന്റെ സന്തോഷം പങ്കുവച്ചത്.

പതിവുപോലെ രസകരവും എന്നാൽ ഹൃദയസ്പർശിയുമായ വരികളിലൂടെയാണ് ഭാവന നവീന് ആശംസ നേർന്നത്. 'ഈ ദിവസം എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. ഇത്രയും നാൾ നിന്നെ ശല്യം ചെയ്യുന്നത് എത്രമാത്രം ഞാൻ ആസ്വദിച്ചിട്ടുണ്ടെന്നും, ഭാവിയിലും അത് തുടരാൻ ഞാൻ എത്രമാത്രം ആവേശത്തിലാണെന്നും നീ അറിയണം. സന്തോഷവും സ്നേഹവും തമാശകളും നിറഞ്ഞ മറ്റൊരു 365 ദിവസങ്ങൾക്കായി..' ഭാവന കുറിച്ചു.

2018 ജനുവരി 22നായിരുന്നു തൃശൂരിൽ വച്ച് ഇരുവരും വിവാഹിതരായത്. ഭാവന അഭിനയിച്ച 'റോമിയോ' എന്ന കന്നഡ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ജീവിതത്തിൽ താൻ എടുത്ത ഏറ്റവും നല്ല തീരുമാനമാണ് നവീൻ എന്ന് ഭാവന പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. തനിക്ക് തന്റേതായ ഇടം നൽകുന്ന വ്യക്തിയാണ് നവീനെന്ന് ഭാവന നേരത്തെ ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

'ഓരോ പ്രശ്നങ്ങളിൽ നിന്നും കരകയറാൻ ഓരോരുത്തർക്കും ഓരോ സമയം വേണ്ടിവരും. ആ സമയം നവീൻ എനിക്ക് നൽകുന്നുണ്ട്. എപ്പോഴും കൂടെനിന്ന് ചിരിക്കാൻ നിർബന്ധിക്കാതെ, വിഷമം മാറാൻ സമയം നൽകുന്നവരാണ് നല്ല കൂട്ടുകാർ.' ഭാവനയുടെ വാക്കുകൾ ആരാധകർക്കിടയിലും വലിയ ചർച്ചയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ വീണ്ടും സജീവമാകുന്ന ഭാവനയുടേതായി റിലീസിനൊരുങ്ങുന്നത് റിയാസ് മാരാത്ത് സംവിധാനം ചെയ്യുന്ന അനോമി എന്ന ചിത്രമാണ്.